'ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു, അപ്പോൾ അച്ഛൻ‌ എനിക്കൊരു ഉപദേശം തന്നു'; കല്യാണി പ്രിയദർശൻ

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക.

ലോകയുടെ വലിയ വിജയത്തിന് ശേഷം സിനിമയിൽ നിന്ന് വിരമിച്ചാലോ എന്ന് ആലോചിച്ചെന്ന് നടി കല്യാണി പ്രിയദർശൻ. അപ്പോൾ അച്ഛൻ പ്രിയദർശൻ തനിക്കൊരു ഉപദേശം നൽകിയെന്നും ഏറ്റവും വലിയ വിജയം ഇനിയും ഉണ്ടാകും പരിശ്രമിച്ച് മുന്നേറുകയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും നടി കൂട്ടിച്ചേർത്തു. ലോകയുടെ യു കെ സക്സസ് ഇവന്റിലാണ് കല്യാണി പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്.

'ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു, കാരണം ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ അച്ഛൻ‌ എനിക്കൊരു ഉപദേശം തന്നു. ചിത്രം എന്ന സിനിമ 365 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാം നേടിയെന്ന് അതിന് ശേഷമാണ് കിലുക്കം റിലീസ് ചെയ്തത് എങ്കിലും അതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത് പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കുക. അച്ഛന്റെ ആ വാക്കുകൾ തനിക്ക് വലിയ പ്രചോദനം നൽകിയെന്ന് കല്യാണി പറഞ്ഞു.

അതേസമയം, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയിരിക്കുന്നത്. പോസ്റ്റർ പങ്കുവച്ചുകൊണ്ട് സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ സ്വന്തമാക്കിയിരുന്നു. ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ചാത്തന്റെ വരവ് ആയിരിക്കുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

Content Highlights: Kalyani Priyadarshan says about resigning from movie after loka success

To advertise here,contact us