പതുങ്ങുന്നത് കുതിക്കാനാണ്, 100 കോടി ക്ലബിലെ അടുത്ത എൻട്രിയാകുമോ ജയസൂര്യ?; വരാനിരിക്കുന്നത് വമ്പൻ സിനിമകൾ

ഒരിടവേളയ്ക്ക് ശേഷം വമ്പൻ റിലീസുകളുമായി തിയേറ്ററിലേക്ക് തിരിച്ചെത്തുന്ന ജയസൂര്യ ബോക്സ് ഓഫീസ് റെക്കോർഡുകളെ എല്ലാം തിരുത്തിക്കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മികച്ച സിനിമകളിലൂടെയും അഭിനയ മുഹൂർത്തങ്ങളിലൂടെയും എന്നും ജയസൂര്യയിലെ അഭിനേതാവ് മലയാളികളെ ഞെട്ടിക്കാറുണ്ട്. രണ്ട് വമ്പൻ സിനിമകളാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. റോജിൻ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രം കത്തനാരും കോമഡി എന്റർടൈനർ ആട് 3 യുമായി ആ ചിത്രങ്ങൾ. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വമ്പൻ റിലീസുകളുമായി തിയേറ്ററിലേക്ക് തിരിച്ചെത്തുന്ന ജയസൂര്യ ബോക്സ് ഓഫീസ് റെക്കോർഡുകളെ എല്ലാം തിരുത്തിക്കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ 'കത്തനാർ - ദി വൈൽഡ് സോഴ്സറർ' എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ കത്തനാരെ ആണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തുവന്നിരുന്നു. വമ്പൻ ബജറ്റിൽ മലയാള സിനിമ ഇന്നുവരെ കാണാത്ത തലത്തിലാണ് കത്തനാർ ഒരുങ്ങുന്നത്. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓപ്പണിങ് കളക്ഷൻ മുതലുള്ള എല്ലാ മലയാളം റെക്കോർഡും തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

അതേസമയം, ആട് എന്ന ഹിറ്റ് സിനിമയുടെ മൂന്നാം ഭാഗമായി ഒരുങ്ങുന്ന ആട് 3 യും വലിയ പ്രതീക്ഷയുണർത്തുന്ന സിനിമകളാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന്‌ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. സിനിമ ടൈം ട്രാവൽ പടമായിരിക്കും എന്ന സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റർ നൽകുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ്‌ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്.

Jayasurya might be behind in terms of box office pull and stardom, but he has two of the biggest upcoming films lined up. If both #Kathanar and #Aadu3 succeed, he could rise to the very top of the industry❗ pic.twitter.com/61GIB81NU3

ഈ രണ്ട് സിനിമകളിലൂടെ തുടർച്ചയായി 100 കോടി ക്ലബ്ബിലേക്ക് ജയസൂര്യ സ്ഥാനമുറപ്പിക്കും എന്നാണ് കമന്റുകൾ. 2023 ൽ പുറത്തിറങ്ങിയ എന്താടാ സജിയാണ് അവസാനമായി തിയേറ്ററിലെത്തിയ ജയസൂര്യ ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം നടൻ കത്തനാരിന്റെ ഷൂട്ടിലേക്ക് കടക്കുകയും സിനിമയിൽ നിന്ന് രണ്ട് വർഷത്തോളം ഇടവേള എടുക്കുകയും ചെയ്തിരുന്നു.

Content Highlights: back to back big budget films for jayasurya

To advertise here,contact us