ഉറപ്പിക്കാം, ആട് 3 ടൈം ട്രാവൽ പടം തന്നെ; പോസ്റ്ററുകളിലൂടെ സൂചന നൽകി സംവിധായകൻ

സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന്‌ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. സിനിമ ടൈം ട്രാവൽ പടമായിരിക്കും എന്ന സൂചനകൾ നേരെത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇക്കാര്യം

ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. അണിയറപ്രവർത്തകർ സിനിമയുടേതായി പങ്കുവെച്ച പോസ്റ്ററുകൾ ആണ് ഇതിന് പ്രധാന കാരണം.

ഏറ്റവും പുതിയ പോസ്റ്ററിൽ 'ഭൂതകാലം വർത്തമാനമായി മാറുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു' എന്നാണ് കുറിച്ചിരിക്കുന്നത്. അതുപോലെ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. 'പാപ്പോയ്.. എല്ലാ ലോകങ്ങളിലും എല്ലാ കാലങ്ങളിലും ഹാപ്പി ബർത്തഡേ' എന്നാണ് പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പങ്കുവെച്ച പോസ്റ്റർ. ഈ പോസ്റ്ററുകളിലൂടെയാണ് സിനിമ ടൈം ട്രാവൽ ആണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുന്നത്.

ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ്‌ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Content Highlights: Fans say Aadu 3 is a time travel movie, poster hints

To advertise here,contact us