കോടികൾ നേടി വീണ്ടും ലാലേട്ടൻ; 'ഹൃദയപൂർവ്വം' ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് | Hridayapoorvam Collection

ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും ഒപ്പം പുറത്തിറങ്ങിയ 'ലോക'യെക്കാൾ മുൻപിലാണ് ഹൃദയപൂർവ്വം.

മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 3.35 കോടി രൂപ ഇന്ത്യയിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും ഒപ്പം പുറത്തിറങ്ങിയ 'ലോക'യെക്കാൾ മുൻപിലാണ് ഹൃദയപൂർവ്വം.

ഓണത്തിന് മുൻപുള്ള ദിവസങ്ങളിൽ ഹൃദയപൂർവ്വം റിലീസ് ചെയ്തതിനാൽ ഇനിയും കളക്ഷൻ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കുടുംബ പ്രേക്ഷകരും യുവാക്കളും ഒരേപോലെ സ്വീകരിക്കുന്ന ഈ മോഹൻലാൽ ചിത്രത്തിന് വരുന്ന ദിവസങ്ങളിൽ ഇനിയും കളക്ഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.

Content Highlights: Hridayapoorvam movie first day collection report

To advertise here,contact us