ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. സിനിമയുടെ ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകൾക്കെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ശിവകാർത്തികേയന്റെ ഇതുവരെ കാണാത്ത പവർ ഫുൾ പെർഫോമൻസ് ആണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റൊമാൻസ് മാത്രമായിരിക്കില്ല ചിത്രം ഗംഭീര ആക്ഷനും ഉറപ്പ് നൽകുന്നുണ്ട്. വിദ്യുത് ജംവാൾ ആണ് സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത്.
'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന സിനിമയിൽ സായ് അഭ്യങ്കാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗജിനിയും തുപ്പാക്കിയും പോലെയുള്ള ഒരു സിനിമയാകും മദ്രാസി എന്നാണ് സിനിമാ വികടനോട് മുരുഗദോസ് മനസുതുറന്നത്. 'ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്', മുരുഗദോസ് പറഞ്ഞു.
മദ്രാസി ആദ്യം പ്ലാൻ ചെയ്തത് ബോളിവുഡ് താരം ഷാറൂഖ് ഖാനെ നായകനാക്കി ആയിരുന്നുവെന്നും മുരുഗദോസ് പറഞ്ഞിരുന്നു. മദ്രാസിയുടെ ഐഡിയ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഷാറൂഖിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതായിരുന്നുവെന്നും മുരുഗദോസ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് എ ആർ മുരുഗദോസ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.
Content Highlights: trailer of Sivakarthikeyan's film Madrasi has been released