എല്ലാം ok ആണ് ; മമ്മൂട്ടിയുടെ മടങ്ങിവരവ് ഉറപ്പിച്ച് രമേഷ് പിഷാരടിയുടെ പോസ്റ്റ്

മമ്മൂട്ടിയ്ക്കൊപ്പമുള്ള മുന്‍ ചിത്രങ്ങളും രമേഷ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്.

മലയാള സിനിമാലോകം ഏറെ നാളായി കാത്തിരിക്കുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി പൊതുവേദികളില്‍ നിന്നും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവാണ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുന്നത്.

മമ്മൂട്ടി ആരോഗ്യനില വീണ്ടെടുത്തിരിക്കുന്നുവെന്ന വിവരമാണ് സിനിമാലോകത്ത് നിന്നും വരുന്നത്. ആന്റോ ജോസഫ്, മാല പാര്‍വതി, ജോര്‍ജ് എസ് തുടങ്ങിയവര്‍ക്ക് പിന്നാലെ രമേഷ് പിഷാരടിയും ഈ വിവരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

എല്ലാം ok ആണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റില്‍ പിഷാരടി ചേര്‍ത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്നും ദൈവത്തിന് നന്ദിയും പറഞ്ഞുകൊണ്ടായിരുന്നു നിര്‍മാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.

ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.

സിനിമയില്‍ മമ്മൂട്ടി സജീവമാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് നിരവധി പേര്‍ കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Content Highlights: Mammmootty's health is better says Ramesh Pisharody

To advertise here,contact us