ബ്ലോക്ക്ബസ്റ്റര്‍ കൂട്ടുകെട്ട് 'തുടരും'… L 365 ന് സംഗീതം ഒരുക്കുന്നതും ജേക്സ് ബിജോയ്

തുടരും സിനിമയുടെ സംഗീതത്തിന് ലഭിച്ച സ്വീകാര്യത ഈ സിനിമയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മലയാളത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ടിൽ എത്തിയ തുടരും. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും ലഭിച്ചത്. സിനിമയിലെ പാട്ടിനും ബാക്ക്ഗ്രൗണ്ട് സ്കോറിനും ഉൾപ്പടെ നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്. തുടരും സിനിമയ്ക്ക് ശേഷം വീണ്ടും മോഹൻലാലിനൊപ്പം ഒന്നിക്കുകയാണ് ജേക്സ് ബിജോയ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന മോഹൻലാൽ ചിത്രം L 365 എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിൽ ആഷിഖ് ഉസ്മാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹൻ ലാൽ പൊലീസ് വേഷത്തിലെത്തുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണെന്നാണ് ആഷിഖ് ഉസ്മാൻ പറഞ്ഞത്. ഇതൊരു കംപ്ലീറ്റ് മോഹൻലാൽ പടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടരും സിനിമയുടെ സംഗീതത്തിന് ലഭിച്ച സ്വീകാര്യത ഈ സിനിമയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീഷിക്കുന്നില്ല.

അതേസമയം, നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആണ് L 365 സിനിമയുടെ സംവിധാനം. രചന നിര്‍വഹിക്കുന്ന രതീഷ് രവിയാണ്. എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വ്വമാണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദൃശ്യം 3, അനൂപ് മേനോന്‍ ചിത്രം, മമ്മൂട്ടിക്കൊപ്പമെത്തുന്ന മഹേഷ് നാരായണന്‍ ചിത്രം തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlights: Jakes Bejoy composes music for L 365

To advertise here,contact us