പാക് നായിക വിവാദം: നടൻ ദിൽജിത്തിനെ പിന്തുണച്ചതിന് കടുത്ത വിമർശനം; ഒടുവിൽ പോസ്റ്റ് പിൻവലിച്ച് നസീറുദ്ദീൻ ഷാ

പാകിസ്താനിലേക്ക് പോകൂ എന്ന് പറയാനുള്ളവരോട് കൈലാസത്തിലേക്ക് പോകൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു

ദിൽജിത് ദോസാഞ്ച്, ഹാനിയ ആമിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമർ ഹുണ്ടൽ സംവിധാനം ചെയ്ത സർദാർജി 3 എന്ന സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിന്നാലെ ദിൽജിത് ദോസാഞ്ചിന് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. പാക് താരം ഹാനിയയെ സിനിമയിൽ അഭിനയിപ്പിച്ചതിനെ തുടർന്നായിരുന്നു വിമർശനം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ നടൻ നസീറുദ്ദീൻ ഷാ ദിൽജിത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ദിൽജിത്തിനെ ലക്ഷ്യംവയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ വലിയ വിമർശനം നേരിട്ടതോടെ നസീറുദ്ദീൻ ഷാ തന്റെ പോസ്റ്റ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.

ദിൽജിത്തിനൊപ്പമാണ് എന്ന് ഉറപ്പിക്കുന്നതായിരുന്നു ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. പാക് നടി ഹാനിയ ആമിറിനെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനം ദിൽജിത്തിന്റേതല്ലെന്നും മറിച്ച് സംവിധായകന്റേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനിലേക്ക് പോകൂ എന്ന് പറയാനുള്ളവരോട് കൈലാസത്തിലേക്ക് പോകൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് ആണിപ്പോൾ നസീറുദ്ദീൻ ഷാ ഡിലീറ്റ് ചെയ്തിരിക്കുന്നത്.

ഈ വിഷയത്തിൽ താൻ നിർമാതാക്കൾക്ക് ഒപ്പമാണെന്ന് നേരത്തെ നടൻ ദിൽജിത് വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഷൂട്ട് ആരംഭിക്കുമ്പോൾ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും എന്നാൽ അതിന് ശേഷം സംഭവിച്ചത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു എന്നും ദിൽജിത് പറഞ്ഞു ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ദിൽജിത്തിനും വിമർശങ്ങൾ നേരിടേണ്ടി വന്നത്.

'പാകിസ്ഥാൻ അഭിനേതാക്കളെ ഇന്ത്യയിൽ കർശനമായി നിരോധിച്ചിരിക്കെ, ദിൽജിത് ദോസാഞ്ചും ഹാനിയ ആമിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ലജ്ജ തോന്നുന്നു', എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. ദിൽജിത് ദോസാഞ്ചിനെ ഇനി വരാനിരിക്കുന്ന ബോർഡർ 2 എന്ന സിനിമയിൽ നിന്ന് പുറത്താക്കുകയും ഇന്ത്യൻ ഇൻഡസ്ട്രിയിൽ നിന്ന് ആജീവനാന്തമായി വിലക്കണം എന്നും കമന്റുകൾ ഉയർന്നിരുന്നു.

Content Highlights: Naseeruddin Shah deletes his post supporting Diljith Dosanjh

To advertise here,contact us