

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ഛോട്ടാ മുംബൈ എന്ന സിനിമ റീ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യവരവിൽ എന്ന പോലെ ഇക്കുറിയും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന വരവേൽപ്പിന്റെ സന്തോഷം റിപ്പോർട്ടറിനോട് പങ്കുവെച്ചിരിക്കുകയാണ് ഛോട്ടാ മുംബൈയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മണിക്കുട്ടൻ.
'ലാൽ സാർ ഫാൻ എന്ന നിലയിലും സിനിമയെ ഇഷ്ടപ്പെടുന്ന ആളെന്ന നിലയിലും സിനിമാക്കാരൻ എന്ന നിലയിലും അതിയായ സന്തോഷം തോന്നുന്നു. തിയേറ്ററിൽ ഭയങ്കര ഓളമായിരുന്നു. എന്നെ കാണിച്ചപ്പോള്‍ കയ്യടിയൊക്കെ വന്നു, ഭയങ്കര സന്തോഷമായി. അന്ന് റിലീസ് ചെയ്തപ്പോൾ ഞാൻ തിരുവനന്തപുരത്ത് നിന്നാണ് കണ്ടത്. ഇപ്പോൾ കൊച്ചിയിൽ നിന്ന് കാണണം എന്ന് കരുതി കൊച്ചിയിൽ എത്തിയതാണ്.
അന്ന് അവിടെ കണ്ടതിനേക്കാൾ മറ്റൊരു ലെവലിലാണ് ആഘോഷം. ഒരു ഫ്രഷ് സിനിമ കാണുന്നത് പോലെയാണ് എല്ലാവരും ഈ സിനിമ കാണുന്നത്. ഞാൻ അടിച്ചുപൊളിച്ചു, ഡാൻസൊക്കെ ചെയ്തു. ഞാൻ അഭിനയിച്ച സിനിമയാണ്, അഭിനയിച്ച പാട്ടാണ് എന്നൊക്കെ പറഞ്ഞാണ് ഞാൻ ഡാൻസ് ചെയ്തത്,' എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. ചിത്രത്തിൽ മോഹൻലാലിന്റെ സുഹൃത്തായ സൈനു എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചത്.
അതേസമയം വമ്പൻ ആഘോഷങ്ങളോടെയാണ് ആരാധകർ തലയേയും കൂട്ടരെയും വരവേൽക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീനിലെ ആരാധകരുടെ ആരവങ്ങളുടെ വീഡിയോകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന് കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്.
നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം.
Content Highlights: Manikuttan talks about Chotta Mumbai Re Release