സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് തിയേറ്ററിൽ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്താനായില്ല. വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് സിനിമ തിയേറ്റർ വിട്ടത്. എന്നാൽ ഒ ടി ടി യിൽ എത്തിയ ശേഷം കഥ മാറി. സിനിമയെ അത്രകണ്ട് അങ്ങോട്ട് വിമർശിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
നടൻ ജയറാമും സിനിമയിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിനും നിരവധി ട്രോളുകൾ ഉയർന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ ജയറാമിന്റെ ഒരു സീനാണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.
ചിത്രത്തിൽ ഡോ. ചാപ്ലിൻ ലോലി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരു സീനിൽ സ്റ്റേജിൽ നിന്ന് ജയറാം തമാശകൾ പറയുമ്പോഴും ചിരിക്കാതെയിരിക്കുന്ന കാണികളെ നോക്കുന്നതും അതിനുള്ള കാരണം അറിയുമ്പോഴുള്ള നടന്റെ എക്സ്പ്രഷനുമാണ് അഭിനന്ദനങ്ങൾ നേടുന്നത്. നിമിഷ നേരങ്ങൾ കൊണ്ട് മിന്നിമാഞ്ഞു പോകുന്ന ഭാവങ്ങൾ കൊണ്ട് ഈ സീനിൽ ജയറാം അത്ഭുതപ്പടുത്തിയെന്നും തമിഴ് സിനിമ അദ്ദേഹത്തിന് നല്ല റോളുകൾ നൽകണമെന്നുമാണ് സിനിമ കണ്ട ഒരാൾ സോഷ്യൽ മീഡിയയിൽ എഴുതിയിരിക്കുന്നത്. ഈ ഒറ്റ സീനിൽ ജയറാം സുര്യക്കും മുകളിൽ പോയെന്നും ഒരു നല്ല കംബാക്ക് അദ്ദേഹം അർഹിക്കുന്നെന്നും കമന്റുകളുണ്ട്. ഈ സീൻ ജയറാമിന്റെ റേഞ്ച് എന്താണെന്ന് കാണിച്ച് തരുന്നുണ്ടെന്നും എക്സിൽ പ്രേക്ഷകർ കുറിക്കുന്നുണ്ട്.
Jayaram's expression says it all pic.twitter.com/aU9Et4m9D6
Many Forgot to praise this man #jayaram What a performer he is 🔥♥️Look at the way he takes the emotion of those people with his expressions Day n of praising #Retro for its many elements in it #suriya #RetroOnNetflix pic.twitter.com/KvVjU1ngG9
അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ 'അബ്രഹാം ഓസ്ലർ' എന്ന സിനിമയ്ക്ക് ശേഷം നടന്റെതായി ഒരു സിനിമയും മലയാളത്തില്‍ റിലീസ് ചെയ്തിട്ടില്ല. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയറാമെത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു.
Content Highlights: Actor Jayaram's scene from Suriya's Retro goes viral