15 ദിവസത്തെ ഷൂട്ടിന് 20 കോടി പ്രതിഫലം; എന്നിട്ടും നാന പടേക്കർ രാജമൗലി ചിത്രം വേണ്ടെന്ന് വെച്ചത് എന്തിന്?

ചിത്രത്തിൽ മഹേഷ് ബാബുവിന്റെ അച്ഛൻ കഥാപാത്രത്തിലേക്കാണ് നാന പടേക്കറിനെ പരിഗണിച്ചിരുന്നത്

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ ഈ സിനിമയിലെ കഥാപാത്രം നടൻ നാന പടേക്കർ വേണ്ടെന്ന് വെച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ചിത്രത്തിൽ മഹേഷ് ബാബുവിന്റെ അച്ഛൻ കഥാപാത്രത്തിലേക്കാണ് നാന പടേക്കറിനെ പരിഗണിച്ചിരുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനായി രാജമൗലി പൂനെയിലെ നടന്റെ ഫാം ഹൗസിൽ എത്തുകയും അവിടെ വെച്ച് ചർച്ചകൾ നടത്തുകയും ഉണ്ടായി. എന്നാൽ തന്നെ ആകർഷിക്കും വിധമുള്ള കഥാപാത്രമല്ല ഇതെന്ന കാരണത്താൽ നാന പടേക്കര്‍ വേഷം നിഷേധിക്കുകയായിരുന്നു എന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 15 ദിവസത്തെ ഷൂട്ടിന് നടന് 20 കോടി രൂപയാണ് അണിയറപ്രവർത്തകർ പ്രതിഫലമായി ഓഫർ ചെയ്തത് എന്നും സൂചനകളുണ്ട്.

അതേസമയം ഈ സിനിമയുടെ പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Nana Patekar rejects the role in SS Rajamouli and Mahesh Babu movie

To advertise here,contact us