'അടിയും ഇടിയും ഒന്നുമില്ല, പക്കാ കഥ പടം'; സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് മനസുതുറന്ന് ടൊവിനോ

'അഭിനയം ആണ് ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യുന്നത്. അതിൽ ഇനിയും കുറേ കാര്യങ്ങൾ ചെയ്യണം എന്നാണ് ആ​ഗ്രഹം'

സംവിധായകനാകുന്നതിനെക്കുറിച്ച് മനസുതുറന്ന് നടൻ ടൊവിനോ തോമസ്. ഇപ്പോൾ താൻ അഭിനയത്തിലാണ് ശ്രദ്ധ നൽകുന്നതെന്നും ഭാവിയിൽ സംവിധാനം ചെയ്യാനുള്ള പ്രാപ്തി ആയെന്ന് തോന്നിയാൽ അതിലേക്ക് കടക്കുമെന്നും ടൊവിനോ പറഞ്ഞു. കഥയുള്ളൊരു സിനിമ ചെയ്ത് ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിക്കാനാണ് തന്റെ ആഗ്രഹമെന്നും നടൻ പറഞ്ഞു. നരിവേട്ട എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ടു ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

'അഭിനയം ആണ് ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യുന്നത്. അതിൽ ഇനിയും കുറേ കാര്യങ്ങൾ ചെയ്യണം എന്നാണ് ആ​ഗ്രഹം. അതിൽ നിന്നും ശ്രദ്ധ മറ്റൊരിടത്തേക്കും പോകേണ്ട, ഇതിൽ തന്നെ നിന്നാൽ മതിയെന്നാണ് തൽക്കാലം ഞാൻ ആ​ഗ്രഹിക്കുന്നത്. പറയാൻ പറ്റില്ല, ചിലപ്പോൾ കാലക്രമേണ സംവിധാനം ചെയ്യാനുള്ള ഒരു പ്രാപ്തി എനിക്ക് ആയി എന്ന് തോന്നിയാൽ ചിലപ്പോൾ ചെയ്തേക്കാം. ചെയ്താലും അടി ഇടി പടങ്ങൾ ഒന്നും ആയിരിക്കില്ല സംവിധാനം ചെയ്യുക. ചെയ്യുകയാണെങ്കിൽ തന്നെ അതൊരു കഥ പടം ആയിരിക്കും. ആ കഥ പടം കൊണ്ട് വല്ല ഇന്റർനാഷണൽ ഫെസ്റ്റിവലുകൾക്കും പോകണം എന്നുള്ളതായിരിക്കും എന്റെ ഏറ്റവും വലിയ ആ​ഗ്രഹം', ടൊവിനോ തോമസ് പറഞ്ഞു.

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ടയാണ് ഇനി പുറത്തിറങ്ങാനുള്ള ടൊവിനോ ചിത്രം. മെയ് 23 ന് സിനിമ പുറത്തിറങ്ങും. ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയാണ് ടൊവിനോ എത്തുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: Tovino talks about his directorial debut

To advertise here,contact us