ഇതെന്താ രജനിയുടെ മലയാളം പടമോ? മോഹൻലാലിനൊപ്പം ഒരുപിടി മലയാളി താരങ്ങളുമായി ജയിലർ 2; റിപ്പോർട്ട്

ആദ്യ ഭാഗത്തിൽ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളുണ്ട്. ഇപ്പോഴിതാ മലയാളി സിനിമാപ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ജയിലർ 2 വിന്റേതായി പുറത്തുവരുന്നത്.

ചിത്രത്തിൽ സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്നാണ് റിപ്പോർട്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.

ആദ്യ ഭാഗത്തിൽ വിനായകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവിൽ കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജയിലർ 2 കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം.

#Jailer2 cast from Malayalam film Industry Vineeth Thattil David, Sunil Sukhada, Kottayam Nazeer, Anna Reshma Rajan, Sujith Shankar, Suraj Venjaramood and MOHANLAL 🔥Shoot now progressing in Kozhikode. pic.twitter.com/AqiBP1bZHw

20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്.

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

Content Highlights: jailer 2 list of malayalam actors

To advertise here,contact us