
സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. എത്രയോ വേദികളിൽ താൻ അനുകരിച്ച അതേ താരത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ പടച്ചവന്റെ തിരക്കഥ എന്നാണ് കോട്ടയം നസീർ വിശേഷിപ്പിച്ചത്. താൻ വരച്ച ചിത്രങ്ങളുടെ സമാഹാരമായ 'ആർട്ട് ഓഫ് മൈ ഹാർട്ട്' എന്ന പുസ്തകവും അദ്ദേഹം രജനികാന്തിന് കൈമാറി. ജയിലർ 2 എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് നസീർ പുസ്തകം കൈമാറിയത്. ചിത്രത്തിൽ കോട്ടയം നസീറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
'ഒരു കഥ സൊല്ലട്ടുമാ. വർഷങ്ങൾക്ക് മുൻപ്, കറുകച്ചാലിലെ ഓല മേഞ്ഞ 'മോഡേൺ' സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ. എത്രയോ ചുവരുകളിൽ ഈ സ്റ്റൈൽ മന്നന്റെ എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു. ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ 'ആർട്ട് ഓഫ് മൈ ഹാർട്ട്' എന്ന ബുക്ക് ജയിലർ 2വിന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും, തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല.
മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു. ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും പടച്ചവന്റെ തിരക്കഥ അത് വല്ലാത്ത ഒരു തിരക്കഥയാ', സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കോട്ടയം നസീർ കുറിച്ചു.
ജയിലർ 2 വിന്റെ ചിത്രീകരണം ഇപ്പോൾ കോഴിക്കോട് നടക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജയിലർ 2 കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയ്ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്ച്ചില് ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
Content Highlights: Kottayam naseer shares post with superstar rajinikanth