സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ എഴുത്തിനും പ്രകടനങ്ങൾക്കും ഹ്യൂമറിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും നല്ല പ്രകടനം കാഴ്ചവെക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും 5.25 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും ചിത്രം 4.68 കോടിയാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം പതിയെ തുടങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളെത്തുടർന്ന് കൂടുതൽ സ്ക്രീനുകളിലേക്ക് വർധിപ്പിക്കുകയായിരുന്നു. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്, സന്ദീപ് പ്രദീപ് എന്നിവരുടെ പ്രകടനങ്ങൾക്ക് കയ്യടി ലഭിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില് വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവും ചേര്ന്നാണ് നിർമാണം. ക്യാമ്പസ് പശ്ചാത്തലമായുള്ള ഒരു ഫാന്റസി കോമഡി ചിത്രമാണിത്. സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ. സിനിമയുടെ ടീമിനെ തമിഴ് സൂപ്പർ താരം രജനികാന്ത് നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവും പടക്കളം സിനിമാതാരങ്ങളും ഈ സന്തോഷ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Padakkalam movie box office report