
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്സണ് ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ അന്ന രേഷ്മ രാജനും (ലിച്ചി) ഭാഗമാകുന്നു എന്ന വാർത്തകളാണ് ശ്രദ്ധ നേടുന്നത്. നടി തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
'ഇതിഹാസ താരമായ രജനികാന്തിനെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ജയിലർ 2 ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ശരിക്കും ഭാഗ്യമായി ഞാൻ കാണുന്നു,' എന്ന് അന്ന രേഷ്മ രാജൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
നിലവിൽ കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജയിലർ 2 കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ, മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന. ജയിലറിൽ മാത്യു എന്ന കഥാപാത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. ഇത്തവണയും മോഹൻലാൽ സിനിമയിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയ്ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്ച്ചില് ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
Content Highlights: Anna Rajan also be the part of Jailer 2