ലഹരി അടിച്ച് ക്യാമറയുടെ മുന്നിൽ വന്ന് ഈ പണി ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്: ശ്രീനാഥ് ഭാസി

"ഒരു പണിയും ഇല്ലാത്തവരാണ് എനിക്കെതിരെ കഥകൾ ഉണ്ടാക്കുന്നത്"

സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് ഉയര്‍ന്നുവരുന്നതില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരാണ് തന്നെക്കുറിച്ച് ഈ കഥകളൊക്കെ ഇറക്കി വിടുന്നതെന്ന് ശ്രീനാഥ്‌ ഭാസി പറഞ്ഞു. ലഹരിയുമായി ചേര്‍ത്തുള്ള ആരോപണങ്ങള്‍ വ്യക്തിപരമായി ബാധിക്കുന്നുണ്ട്. തന്നെ ആക്രമിക്കാന്‍ എളുപ്പമാണെന്നാണ് എല്ലാവരും കരുതുന്നെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ്‌ ഭാസി പറഞ്ഞു.

'ലഹരി അടിച്ചിട്ട് ക്യാമറയുടെ മുന്നില്‍ വന്നുനിന്നാല്‍ ഈ പണി ചെയ്യാന്‍ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്. ആളുകളുടെ അഭിപ്രായം കേൾക്കാനോ അതിന് ചെവികൊടുക്കാനോ ഞാൻ നിൽക്കാറില്ല. കാരണം അതെന്നെ വിഷമിപ്പിക്കാറുണ്ട്. ലഹരിയുമായി ചേര്‍ത്തുള്ള ആരോപണങ്ങള്‍ വ്യക്തിപരമായി ബാധിക്കുന്നുണ്ട്. എന്നെ ആക്രമിക്കാന്‍ എളുപ്പമാണെന്ന് തോന്നുന്നു. ഞാന്‍ ഓടി നടന്ന് ലഹരിവില്‍പ്പന നടത്തുകയല്ലല്ലോ. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ എല്ലാവര്‍ക്കും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' ശ്രീനാഥ്‌ ഭാസി പറഞ്ഞു.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ നടനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നായിരുന്നു അന്വേഷണ സംഘം അറിയിച്ചത്. അതേസമയം, ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആസാദി ആണ് ഇനി പുറത്തിറങ്ങാനുള്ള ശ്രീനാഥ്‌ ഭാസി ചിത്രം. വാണി വിശ്വനാഥ്, രവീണ രവി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights: Sreenath Bhasi responds to drug allegations

To advertise here,contact us