ഫൈനൽ ഡെസ്റ്റിനേഷന് പൂട്ടിട്ട് ടോം ക്രൂസ്; ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകൾ കൈക്കലാക്കി 'മിഷൻ ഇമ്പോസിബിൾ'

ഒരു കുടുംബത്തിനെ മരണം വേട്ടയാടുന്നതും അതിൽ നിന്ന് അവർ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലെഡ്ലൈൻസിന്റെ ഇതിവൃത്തം

ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ഭയപ്പെടുത്തിയ ചിത്രമായിരുന്നു ഹോളിവുഡ് സിനിമയായ 'ഫൈനൽ ഡെസ്റ്റിനേഷൻ'. ഒരു ഹൊറർ ഫ്രാൻഞ്ചൈസ് ആയി ഒരുങ്ങിയ സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയത് ആറ് സിനിമകളാണ്. ഇപ്പോഴിതാ ഈ ഫ്രാൻഞ്ചൈസിലെ ഏഴാമത്തെ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലെഡ്ലൈൻസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ മെയ് 16 ന് പുറത്തിറങ്ങും. എന്നാൽ സിനിമയുടെ ഇന്ത്യയിലെ ഐമാക്സ് റിലീസിന് വലിയ തിരിച്ചടി നേരിടുകയാണ് എന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗിന്റെ ഇന്ത്യൻ റിലീസ് ഒരു വാരം മുന്നിലേക്ക് മാറ്റിയതിലൂടെ അതേ ദിവസം റിലീസിനെത്തുന്ന ഫൈനൽ ഡെസ്റ്റിനേഷന് ഇന്ത്യയിൽ ഐമാക്സ് സ്ക്രീനുകൾ നഷ്ടമായേക്കും. മെയ് 23 നാണ് മിഷൻ ഇമ്പോസിബിൾ ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുന്നത്. എന്നാൽ സിനിമയുടെ നിർമാതാക്കളായ പാരാമൗണ്ട് പിക്ചേഴ്സ് ഇന്ത്യയിൽ മെയ് 17 ന് ചിത്രമെത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകൾ എല്ലാം നിലവിൽ മിഷൻ ഇമ്പോസിബിൾ ചാർട്ട് ചെയ്തിരിക്കുന്നതിനാൽ ഫൈനൽ ഡെസ്റ്റിനേഷന് ഷോകൾ ലഭിക്കുക കുറവായിരിക്കും. എന്നാൽ ഇത് മുൻകൂട്ടി കണ്ട് ചിത്രം മിഷൻ ഇമ്പോസിബിളിനും രണ്ട് ദിവസം മുൻപായി മെയ് 15 ന് റിലീസിനെത്തിക്കാനും ഫൈനൽ ഡെസ്റ്റിനേഷന്റെ നിർമാതാക്കൾ പദ്ധതിയിടുന്നുണ്ട്.

ഒരു കുടുംബത്തിനെ മരണം വേട്ടയാടുന്നതും അതിൽ നിന്ന് അവർ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഈ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലെഡ്ലൈൻസിന്റെ ഇതിവൃത്തം. സാക്ക് ലിപോവ്സ്കി, ആദം സ്റ്റെയിൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗയ് ബുസിക്ക്, ലോറി ഇവാൻസ് ടെയ്‌ലർ എന്നിവര്‍ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെയ്റ്റ്ലിൻ സാന്താ ജുവാന, ടിയോ ബ്രിയോൺസ്, റിച്ചാർഡ് ഹാർമോൺ, ഓവൻ പാട്രിക് ജോയിൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

Content Highlights: Mission Impossible blocks all IMAX screens in India

To advertise here,contact us