സിനിമാ സംവിധായകനാകാൻ ആഗ്രഹിക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് 'തുടരും' സിനിമയെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നുവെന്നും വർഷങ്ങൾക്കപ്പുറം ആ ചിത്രം തന്നിലേക്കുതന്നെ എത്തിച്ചേരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സംവിധായകൻ തരുൺ മൂർത്തി. തുടരുമിന്റെ ആദ്യത്തെ പേര് ബെൻസ് വാസു എന്നായിരുന്നു. വർഷങ്ങൾക്ക് മുൻപ് ചിത്രം പ്രഖ്യാപിച്ചപ്പോൾ താൻ ആ പോസ്റ്റിന് കമന്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നുവെന്നും തരുൺ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് തരുൺ മൂർത്തി ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്.
'ആദ്യം തുടരുമിന്റെ പേര് ബെൻസ് എന്നായിരുന്നു. അങ്ങനെ ആയിരുന്നു ഞങ്ങൾ വർക്കിംഗ് ടൈറ്റിൽ ഇട്ടത്. ഒരുപാട് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കഥയാണ് ഈ സിനിമയുടേത്. അന്ന് ഫാൻസ് ഇതിനിട്ട പേര് ബെൻസ് വാസു ആയിരുന്നു. ഈ സിനിമയുടെ പ്ലോട്ടും ഈ സിനിമയും 12 വർഷത്തോളമായി ആളുകൾക്കിടയിൽ കറങ്ങിനടക്കുന്നുണ്ട്. ഞാൻ സിനിമയിലേക്ക് എത്തുന്നതിനും സംവിധായകനാകാൻ ആഗ്രഹിച്ചിരുന്നതിനുമൊക്കെ മുൻപ് ഈ സിനിമയുടെ അനൗൺസ്മെന്റ് കണ്ടിട്ടുണ്ട്.'
'ബെൻസ് വാസു എന്ന സിനിമ ഇറങ്ങാൻ പോകുകയാണെന്നും സുനിൽ എന്നയാളുടെ ആദ്യ സിനിമയാണ് അതെന്നും രജപുത്രയുടെ സിനിമയാണെന്നും ഒപ്പം ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ആ പോസ്റ്റിന് കമന്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഈ സിനിമ എന്റെ കയ്യിലോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അത്', തരുൺ മൂർത്തി പറഞ്ഞു.
Destiny ❤️💥#Thudarum @talk2tharun @Mohanlalpic.twitter.com/GERaVFd5hD
അതേസമയം, ബോക്സ് ഓഫീസിൽ മുന്നേറുകയാണ് തുടരും. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. തുടരും പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 66.10 കോടിയാണ്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 14.70 കോടി സ്വന്തമാക്കിയ സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ 80.80 കോടിയാണ്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജിസിസി മാർക്കറ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തുടരും കളക്ഷനിൽ മുന്നിലാണ്. നോർത്ത് അമേരിക്കയിൽ നിന്നുമാത്രം ചിത്രം ഒരു മില്യൺ ഡോളർ ഇതിനോടകം നേടിക്കഴിഞ്ഞു.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: Tharun Moorthy talks about directing Thudarum