മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരമാണ് ഇര്‍ഷാദ്. തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുന്ന തുടരുമിലും ശ്രദ്ധേയമായ വേഷത്തില്‍ ഇര്‍ഷാദ് എത്തിയിരുന്നു. ഇപ്പോള്‍ ഇരുവരോടും ഒപ്പമുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇര്‍ഷാദ്. റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മമ്മൂട്ടിയോട് എപ്പോഴും ഭയം കലര്‍ന്ന ബഹുമാനമാണ് തോന്നാറുള്ളതെന്നും ഇര്‍ഷാദ് പറഞ്ഞു. വലിയ അടുപ്പമില്ലാതിരുന്നിട്ടും മമ്മൂക്ക ഉമ്മ മരിച്ചപ്പോള്‍ തന്റെ വീട്ടിലേക്ക് വന്നുവെന്നും ഇര്‍ഷാദ അനുഭവം പങ്കുവെച്ചു.
'മമ്മൂക്ക നമുക്കൊരു വല്യേട്ടന് തന്നെയാണ്. മമ്മൂക്കയോട് അതുകൊണ്ട് തന്നെ എപ്പോഴും ഉള്ളിലൊരു ഭയം കലര്‍ന്ന ബഹുമാനം കാണും. വര്‍ഷം എന്ന സിനിമയില്‍ ഒരു സീന്‍ അഭിനയിച്ചു കഴിഞ്ഞു പോകുമ്പോള്‍, അദ്ദേഹം തന്നെ എന്റെ ക്ലോസ് അപ്പുകള്‍ എടുത്തുവെക്കണമെന്ന് പറഞ്ഞിരുന്നു. അതാവശ്യം വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
മമ്മൂക്കയില്‍ നിന്ന് എനിക്ക് അങ്ങനെ സ്നേഹവാത്സല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച ഒരു അവസരം ഉണ്ടായിട്ടുണ്ട്. അത് എന്റെ ഉമ്മ മരിച്ചപ്പോള്‍ അദ്ദേഹം വീട്ടില്‍ വന്നപ്പോഴായിരുന്നു. ഞാനും മമ്മൂക്കയും തമ്മില്‍ അത്ര അടുപ്പമൊന്നുമില്ല. എന്നാല്‍ അദ്ദേഹം ആ ദിവസം വീട്ടില്‍ വന്നു. പത്ത് മിനിറ്റോളം വീട്ടില്‍ ഇരുന്ന് ശേഷമാണ് മമ്മൂക്ക പോയത്. അത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അങ്ങനെയൊരു വല്യേട്ടനാണ് മമ്മൂക്ക.
ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോഴാണ് ഞാന്‍ കുറച്ചുകൂടി കംഫര്‍ട്ടബിള്‍. എന്തും ആ ചെവിയില്‍ പോയി പറയാം. എന്ത് വളിപ്പും പറയാം, കളിയും ചിരിയുമായി നില്ക്കാം. അദ്ദേഹത്തോട് എന്ത് പറയാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്,' ഇര്‍ഷാദ് പറഞ്ഞു.
Content Highlights : Actor Irshad shares experience with Mammootty and Mohanlal