ദുൽഖർ സൽമാനും ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഐ ആം ഗെയിം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയിമിന് വലിയ ഹൈപ്പുമുണ്ട്. സിനിമയിലെ അണിയറപ്രവർത്തകരെ ഓരോന്നായി പരിചയപ്പെടുത്തുകയാണ് ടീം. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിനായി തെന്നിന്ത്യയില് പ്രശസ്തരായ ഫൈറ്റ് മാസ്റ്റേഴ്സ് അൻബറിവിനെ സ്വാഗതം ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
തമിഴ് നടൻ കതിരിന് പുറമേ സംവിധായകനും നടനുമായ മിഷ്കിനും ഐ ആം ഗെയിമിന്റെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. ഇതിന് പുറമെ നടൻ ആന്റണി വർഗീസും സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയിൽ ഭാഗമാകുന്ന മറ്റു താരങ്ങൾ ആരൊക്കെ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മിസ്റ്ററി-ആക്ഷൻ-ഫാന്റസി ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നഹാസ് പറഞ്ഞത്. 'കുറച്ചധികം ജോണറുകൾ മിക്സ് ചെയ്താണ് സിനിമ കഥ പറയുന്നത്. പ്രേക്ഷകർ ഇപ്പോൾ റോഷാക്ക് പോലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ തിയേറ്ററുകളിൽ സ്വീകരിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ ധൈര്യവും,' എന്നും നഹാസ് വ്യക്തമാക്കിയിരുന്നു.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.
Content Highlights: Anbariv as Fight Masters in I Am Game movie