

പൊൻമാന്റെ വിജയത്തിൽ നടൻ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ തോമസ്. 'പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങൾ, ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ. കട്ട Waiting for your next! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ! കോടികൾ വാരട്ടെ', എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊൻമാനിൽ നിന്നുള്ള ബേസിലിന്റെ ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ബേസിൽ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രമായ മരണമാസ് നിർമിക്കുന്നത് ടൊവിനോയാണ്.
ഉടൻ പോസ്റ്റിന് താഴെ കമൻ്റുമായി ബേസിൽ ജോസഫ് എത്തി. 'തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ, എന്നിട്ട് സംസാരിക്കാം' എന്നാണ് ബേസിലിന്റെ കമന്റ്. 'സൗഹൃദത്തിന് വില പറയുന്നോടാ ഛെ ഛെ ഛെ..' എന്ന് ടൊവിനോയും ബേസിലിന് റിപ്ലൈയുമായി എത്തിയിട്ടുണ്ട്. മരണമാസിൽ പ്രധാന വേഷത്തിലെത്തുന്ന സിജു സണ്ണിയും തമാശ നിറഞ്ഞ കമൻ്റുമായി എത്തി. 'അടുത്ത പടം കോടിക്കണക്കിന് കോടികൾ വാരണേ, ഞങ്ങളുടെ പ്രൊഡ്യൂസർ ഒരു ലക്ഷപ്രഭു ആകണേ', എന്ന സിജുവിന്റെ കമന്റ്. 'പ്രൊഡ്യൂസറിനെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏത് വിധേനയും തടയുന്നതായിരിക്കും', എന്ന് സിജുവിന് ടൊവിനോ തോമസ് മറുപടി നൽകിയിട്ടുണ്ട്.
നവാഗതനായ ശിവപ്രസാദ് ആണ് മരണമാസ് സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രിലിൽ തിയേറ്ററിലെത്തും. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം ബേസിൽ ചിത്രമായ പൊൻമാൻ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
Content Highlights: Basil joseph trolls once again Tovino thomas