തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ മരണവീട്ടിൽ കയ്യാങ്കളി. കഴിഞ്ഞ ദിവസം വിഷമുള്ളിൽ ചെന്ന് മരിച്ച വിനോദിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിനോദിന്റെ ഭാര്യയുടെ ബന്ധുക്കളാണ് അക്രമത്തിന് പിന്നിൽ എന്നാണ് വിനോദിന്റെ വീട്ടുകാരുടെ പരാതി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
മരണ വീട്ടിലെത്തിയ വിനോദിന്റെ ഭാര്യയുടെ ബന്ധുവായ ഒരാൾ വിനോദിന്റെ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈലും ഉൾപ്പെടെ മോഷ്ടിച്ചുവെന്ന് വീട്ടുകാർ ആരോപിച്ചു. മുറിക്കുള്ളിലുണ്ടായിരുന്ന ഒരു കത്തും നഗരൂർ സ്വദേശിയായ ഇയാൾ മോഷ്ടിച്ചെന്നും പരാതിയുണ്ട്. ഇത് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും പിന്നീട് വൈകീട്ടോട്ടെ മറ്റ് ബന്ധുക്കളെ കൂട്ടി വന്ന് ഇയാൾ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നുമാണ് പരാതി.
മരിച്ച വിനോദിന്റെ മകനും ബന്ധുക്കളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. വിനോദിന്റെ സഹോദരനും മറ്റു ബന്ധുക്കളും ചേർന്ന് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി സ്വീകരിച്ച ചിറയിൻകീഴ് പൊലീസ് നടപടി സ്വീകരിച്ചില്ല എന്നും പരാതിക്കാരോട് വളരെ മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്.
Content Highlights: Clash at funeral house in Chirayankeezhu, Thiruvanathapuram