കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; മലപ്പുറത്ത് വൃദ്ധ ദമ്പതികൾക്ക് നേരെ ക്രൂരമര്‍ദ്ദനം, ഗുരുതരാവസ്ഥയിൽ

മകന്‍ മുഹമ്മദ് ബഷീറിനും അക്രമം തടയാനെത്തിയ അയല്‍വാസി നജീബിനും മര്‍ദ്ദനമേറ്റു

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം. വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിനും മര്‍ദ്ദനമേറ്റു. അക്രമം തടയാനെത്തിയ അയല്‍വാസി നജീബിനെയും അക്രമികള്‍ മര്‍ദ്ദിച്ചു.

കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിനാണ് ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവരാണ് മര്‍ദ്ദിച്ചത്. ക്രൂര മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.

മുഹമ്മദ് സപ്പര്‍ അസൈൻ്റെ മകന്‍ ബഷീറിന് 23 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഒന്നര വര്‍ഷമായി പണം തിരികെ നല്‍കിയില്ല. നിരവധി തവണ പണം ആവശ്യപ്പെട്ട് സപ്പറിനെ സമീപിച്ചെങ്കിലും തിരികെ നല്‍കിയില്ല. പണം നല്‍കിയില്ലെന്ന് മാത്രമല്ല, ബഷീറിനെയും കുടുംബത്തെയും സപ്പര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് സപ്പറും മക്കളും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചത്. വേങ്ങര പൊലീസ് കുടുംബത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്.

Content Highlights: attack against old couple in Malappuram

To advertise here,contact us