സുഹൃത്തിൻ്റെ വിവാഹത്തിന് മാഹിയിൽ നിന്ന് മദ്യം കടത്തി; 22 ലിറ്റർ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

കോഴിക്കോട്: സുഹൃത്തിൻ്റെ വിവാഹത്തിന് മാഹിയിലെ പള്ളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ട് പേർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി പി നിധിൻ (34) എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. 22 ലിറ്റർ മാഹി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാന പാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ സ്കൂട്ടറിനുള്ളിൽ നിന്ന് 750 മില്ലി ലിറ്ററിൻ്റെ 12 മദ്യക്കുപ്പികളും 500 മില്ലി ലിറ്ററിന്റെ 26 കുപ്പികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

Content Highlights: Liquor smuggled from Mahe for friend's wedding; 2 youths arrested with 22 liters of liquor

To advertise here,contact us