ചങ്ങനാശ്ശേരി : എം സി റോഡില്‍ പൂവം കടത്തു ഭാഗത്തെ കൊച്ചു തൊള്ളായിരം പാടശേഖരത്തിന് സമീപത്തെ 500 ഏക്കറോളം തരിശ് പാടശേഖരത്തില്‍ തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പാടശേഖരത്തിൽ തീ പടർന്നത്. ഉണങ്ങിക്കിടന്ന പുല്ലിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേനയുടെ ചങ്ങനാശ്ശേരി, കോട്ടയം, തിരുവല്ല യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. പുക ഉയർന്നതോടെ എ സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ ആദ്യം തീ അണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
തീ സമീപത്തെ വീടുകളുടെ ഭാഗത്തേക്ക് പടരാൻ തുടങ്ങിയതോടെ ജനങ്ങളെ മാറ്റി. തുടർന്ന് തിരുവല്ല, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. പാടശേഖരത്തിന് ചുറ്റുമുള്ള വീടുകൾക്ക് സുരക്ഷ ഉറപ്പാക്കി വെള്ളം പമ്പ് ചെയ്തു അപകടം ഒഴിവാക്കി. വൈകീട്ട് ആറരയോടെയാണ് തീ പൂർണമായി നിയന്ത്രണവിധേയമായത്.
Content Highlight : Fire breaks out in 500 acres of fallow land in Changanassery