'കാസർകോട്ടെ ശൈശവ വിവാഹം നടത്തിയത് ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ച്'; ഉദ്യോഗസ്ഥൻ റിപ്പോർട്ടറിനോട്

വിവാഹത്തിന്റെ രേഖകളൊന്നും പള്ളിയിലില്ലെന്നും ഉദ്യോഗസ്ഥൻ

കാസർകോട്: കാസർകോട് പടന്നയിൽ നടന്ന ശൈശവ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെയായിരുന്നെന്ന് ശൈശവ വിവാഹ നിരോധന ഓഫീസർ റിപ്പോർട്ടർ ടിവിയോട്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് പെൺകുട്ടിക്ക് പ്രായംപൂർത്തിയായിട്ടില്ലെന്ന് ഉസ്താദ് അറിഞ്ഞതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

പള്ളി കമ്മിറ്റി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ഓഫീസർ പറഞ്ഞു. വിവാഹത്തിന്റെ രേഖകളൊന്നും പള്ളിയിലില്ല. വിവാഹം നടന്ന കാര്യം ഇരുകുടുംബങ്ങളും ആദ്യം സമ്മതിക്കാനും തയ്യാറായില്ല. വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഘട്ടത്തിൽ ഉസ്താദാണ് നൽകിയതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കാസർകോട് എടച്ചാക്കൈ അഴീക്കൽ ജുമാമസ്ജിദിൽ ശൈശവ വിവാഹം നടത്തിയെന്നായിരുന്നു പരാതി. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുമാമസ്ജിദിൽ ഏപ്രിൽ 13നാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് എന്ന 28കാരൻ, പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും എടച്ചാക്കൈ അഴീക്കാൽ ജുമാമസ്ജിദ് സെക്രട്ടറിയുമായ പി കെ താജുദ്ദീൻ, ജുമാമസ്ജിദ് ഉസ്താദ് റഹ്‌മത്തുള്ള എന്നിവരുടെ പേരിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം ചന്തേര പൊലീസാണ് കേസെടുത്തത്. പ്രവാസിയായ 28കാരൻ 16കാരിയെ വിവാഹം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തിയതിന്റെ വിശദമായ റിപ്പോർട്ട് ശൈശവ വിവാഹ നിരോധന ഓഫീസർ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്. മറ്റൊരു റിപ്പോർട്ട് ജില്ലാ ചൈൽഡ് ലൈനും കൈമാറി. ശൈശവ വിവാഹം നടന്നതായി റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് കാസർകോട് ചൈൽഡ് ലൈനിൽ നാട്ടുകാർ പരാതി നൽകിയതെന്നാണ് വിവരം. തുടർന്നാണ് അന്വേഷണം നടന്നത്.

Content Highlights: In the Kasaragod child marriage case, an official told a reporter that the ustad involved was allegedly misled

To advertise here,contact us