ഇനി എഐ സാങ്കേതിക വിദ്യയിലൂടെ കരിയര്‍ തീരുമാനിക്കാം; കുസാറ്റിൽ അധ്യാപകരുടെ ഗവേഷണത്തിന് പേറ്റന്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികള്‍ കണ്ടെത്താനും അതനുസരിച്ച് അനിയോജ്യമായ കരിയറിലേക്ക് നയിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ രൂപകല്‍പ്പന ചെയ്തത്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകരായ ഗവേഷകര്‍ക്ക് പേറ്റന്റ് ലഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സര്‍വകലാശാല അധ്യാപികയായ ഡോ. അനുപമയും ചേര്‍ന്ന് വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ചരിത്രപരമായ പേറ്റന്റ് ലഭിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികള്‍ കണ്ടെത്താനും അതനുസരിച്ച് അനിയോജ്യമായ കരിയറിലേക്ക് നയിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ രൂപകല്‍പ്പന ചെയ്തത്. സൈക്കോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ വിഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നീ ശാഖകളെ ബന്ധപ്പെടുത്തിയുള്ള ഇന്റര്‍ഡിസിപ്ലിനറി ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചത്. ഭാവിയില്‍ ക്ലാസ്സ്റൂമില്‍ സ്ഥാപിക്കാവുന്ന ഒരു മോണിറ്ററിങ് യൂണിറ്റിന്റെ രൂപകല്പനയും ഗവേഷണത്തിന്റെ ഭാഗമാണ്.

ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി കുസാറ്റില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് ഡോ.സുധീപ് ഇളയിടം. ഡാറ്റ സയന്‍സ് രംഗത്ത് പുസ്തകങ്ങളും പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. അനുപമ ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സര്‍വകലാശാലയിലെ അധ്യാപികയാണ്. സമീപകാലത്ത് ആര്‍ട്ടിക് ഗവേഷണം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഡോ. സുധീപിന്റെ നേതൃത്വത്തിലാണ് ഡോ.അനുപമ ഗവേഷണം പൂര്‍ത്തിയാക്കിയത്.

Content Highlights:CUSAT Computer Science Faculty Researchers Granted Patent

To advertise here,contact us