കള്ളത്താക്കോലിട്ട് സ്‌കൂട്ടറുകൾ തുറന്ന് പഴ്‌സും മൊബൈൽ ഫോണും മോഷ്ടിക്കും; യുപി സ്വദേശിയെ പൊക്കി ആലുവ പൊലീസ്

തൃശ്ശൂർ സ്വദേശിക്ക് ഇത്തരത്തിൽ 65,000 രൂപയാണ് നഷ്ടമായത്

കൊച്ചി: നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറുകൾ കള്ളത്താക്കോലിട്ട് തുറന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന പ്രതിയെ പിടികൂടി പൊലീസ്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ ഇമ്രാന്‍ ഖാനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരിടത്തും സ്ഥിരമായി താമസിക്കാതെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഈ മാസം 14ന് ആലുവയില്‍ പരീക്ഷയ്ക്കായി എത്തിയ ത്യശ്ശൂര്‍ സ്വദേശിയായ യുവാവ് പഴ്‌സും മൊബൈല്‍ ഫോണും സ്‌കൂട്ടറിൻ്റെ സ്‌റ്റോറേജില്‍ സൂക്ഷിച്ച് പരീക്ഷ എഴുതാന്‍ പോയി. പരീക്ഷ കഴിഞ്ഞ് തിരികെ വന്നപ്പോള്‍ സ്‌കൂട്ടറിനുള്ളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയതായി മനസിലായി. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് 65,000 രൂപയിലധികം പിന്‍വലിക്കപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് ആലുവ പൊലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കഴിഞ്ഞ രാത്രി വൈറ്റില ഹബ്ബ് പരിസരത്ത് ലോഡ്ജ് വളഞ്ഞ് പിടികൂടിയത്.

പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകളും മൂന്ന് മൊബൈല്‍ ഫോണുകളും നിരവധി പഴ്‌സുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.വിവിധത്തിലുള്ള മോഷണക്കേസുകളുമായി ബന്ധപ്പെട്ട് യുപി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളാണ് ഇയാള്‍. ഡ്യൂപ്ലിക്കറ്റ് താക്കോലിട്ട് സ്‌കൂട്ടറിൻ്റെ സ്റ്റോറേജ് തുറന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. മോഷ്ടിക്കുന്ന ഫോണിലെ സിം മറ്റൊരു ഫോണിലിട്ട് എടിഎം കൗണ്ടറില്‍ പോയി എടിഎം പിന്‍ മാറ്റുകയും ഉടന്‍ തന്നെ പണം പിന്‍വലിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. സിം ഇടുന്ന ഫോണ്‍ പിന്നെ വിളിക്കാന്‍ ഉപയോഗിക്കില്ല. റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlight : Police nab a nationwide theft suspect using fake keys

To advertise here,contact us