ആലപ്പുഴ ദേശീയപാതയിൽ കാര്‍ തലകീഴായി മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

വാഹനം നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിന്റെ കൈവരിക്കായി സ്ഥാപിച്ച കമ്പികളില്‍ തട്ടി 15 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

ആലപ്പുഴ: ചേര്‍ത്തലയില്‍ മേല്‍പ്പാലത്തില്‍നിന്നും നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍തന്നെ ചേര്‍ത്തല ഗവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ യുവതിയുടെ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ദേശീയപാതയില്‍ ഒറ്റപ്പുന്ന മേല്‍പ്പാലത്തില്‍ ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിന്റെ കൈവരിക്കായി സ്ഥാപിച്ച കമ്പികളില്‍ തട്ടി 15 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് അപകടങ്ങളൾ തുടർക്കഥയാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലയില്‍ 3 വര്‍ഷത്തിനിടെ 79 പേര്‍ വാഹനാപകടത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Content Highlights: A car overturned on the Alappuzha National Highway, leaving five people injured in the accident

To advertise here,contact us