എഥനോൾ അടങ്ങിയില്ലാത്ത പെട്രോളും നമ്മുടെ നാട്ടില്‍ കിട്ടും: പക്ഷെ കാശ് കുറച്ച് കൂടുതല്‍ മുടക്കണം

സാധാരണ 91 ഒക്ടേൻ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലും ഈ ഇന്ധനം നിറയ്ക്കാം

3 min read|14 Jul 2026, 11:38 am

രാജ്യത്ത് ഇ 20 (20% എഥനോൾ അടങ്ങിയ) പെട്രോള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്കിടയിൽ കനത്ത ആശങ്കയാണ് ഉയരുന്നത്. എന്നാല്‍ ഇതിന് ഇടയില്‍ തന്നെയാണ്ഇന്ത്യൻ ഓയിലിന്റെ പ്രീമിയം പെട്രോളായ 'എക്സ്പി 100'യും (XP100) ശ്രദ്ധാകേന്ദ്രമാകുന്നത്. ഇ 20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുന്നുവെന്നും, പഴയ വാഹനങ്ങളുടെ എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്നും, പെട്ടെന്ന് തേയ്മാനം ഉണ്ടാകുന്നുവെന്നും ചില വാഹന ഉടമകൾ പരാതിപ്പെടുന്നുണ്ട്.

സർക്കാർ പ്രഖ്യാപിച്ച എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇ.ബി.പി) പദ്ധതി പ്രകാരം സാധാരണ പെട്രോളിലും എക്സ്പി 95 പോലുള്ള പ്രീമിയം ഇന്ധനങ്ങളിലും ഇപ്പോൾ 20 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി 100 ഒക്ടേൻ റേറ്റിംഗുള്ള എക്സ്പി 100 പൂർണ്ണമായും എഥനോൾ വിമുക്തമാണ് (100% ethanol-free).

എഥനോൾ മൂലമുണ്ടാകാൻ സാധ്യതയുള്ള തുരുമ്പെടുക്കലും കേടുപാടുകളും ഒഴിവാക്കാൻ സാധിക്കുമെന്നതിനാൽ, വിപണിയിലെ മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വില വളരെ കൂടുതലാണെങ്കിലും, ക്ലാസിക് കാറുകളുടെയും പഴയ വാഹനങ്ങളുടെയും ഉടമകൾ ഇപ്പോൾ എക്സ്പി 100 ഒരു ബദലായി പരിഗണിക്കുന്നുണ്ട്.

2020 ഡിസംബറിൽ പുറത്തിറക്കിയ എക്സ്പി 100 പ്രധാനമായും സൂപ്പർ കാറുകൾ, ആഡംബര സെഡാനുകൾ, സൂപ്പർ ബൈക്കുകൾ തുടങ്ങിയ ഉയർന്ന പ്രകടനക്ഷമതയുള്ള വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. തങ്ങളുടെ ഒക്ടാമാക്സ് (Octamax) സാങ്കേതികവിദ്യയിലൂടെ ഉത്പാദിപ്പിക്കുന്ന ഉയർന്ന ഒക്ടേൻ ഗ്യാസോലിൻ ഉപയോഗിച്ചാണ് ഈ ഇന്ധനം നിർമ്മിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ വ്യക്തമാക്കുന്നു. മികച്ച ആന്റി-നോക്കിംഗ് ഗുണങ്ങളുള്ളതിനാൽ ഇത് എഞ്ചിൻ കരുത്ത് വർദ്ധിപ്പിക്കുകയും വേഗതയേറിയ ആക്സിലറേഷനും മികച്ച ഇന്ധനക്ഷമതയും നൽകുകയും ചെയ്യുന്നു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ക്രൂഡോയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ എഥനോൾ ചേർത്ത ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. നിലവിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ95, ഭാരത് പെട്രോളിയത്തിന്റെ സ്പീഡ്97, ഷെൽ വി-പവർ, ഇന്ത്യൻ ഓയിലിന്റെ എക്സ്പി 95 എന്നിവയിലെല്ലാം 20 ശതമാനം എഥനോൾ അടങ്ങിയിരിക്കുമ്പോൾ, ഇന്ത്യയിൽ ലഭ്യമായ ചുരുക്കം ചില എഥനോൾ വിമുക്ത പെട്രോളുകളിൽ ഒന്നാണ് എക്സ്പി 100. ഡൽഹിയിൽ നിലവിൽ ലിറ്ററിന് 167.35 രൂപയാണ് എക്സ്പി 100 പെട്രോളിന്റെ വില.

സാധാരണ 91 ഒക്ടേൻ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എക്സ്പി 100 നിറയ്ക്കുന്നത് എഞ്ചിന് യാതൊരുവിധ കേടുപാടുകളും വരുത്തില്ലെന്നും മറിച്ച് സുഗമമായ പ്രവർത്തനവും മികച്ച ആക്സിലറേഷനും നൽകുമെന്നും ഇന്ത്യൻ ഓയിൽ സാക്ഷ്യപ്പെടുത്തുന്നു. എക്സ്പി 100 ഇന്ധനവും സാധാരണ 91 ഒക്ടേൻ ഇന്ധനവും പരസ്പരം കലർന്നാലും വാഹനത്തിന് ദോഷം ചെയ്യില്ല. എക്സ്പി 100 ഉപയോഗിച്ചതിന് ശേഷം വീണ്ടും സാധാരണ ഇന്ധനത്തിലേക്ക് മാറിയാലും എഞ്ചിന് തകരാറുകൾ സംഭവിക്കില്ല.

എക്സ്പി 100-ന്റെ ഉപയോഗം താൽക്കാലികമായി എഞ്ചിൻ ഭാഗങ്ങളും ഫ്യുവൽ സിസ്റ്റവും വൃത്തിയാക്കാൻ സഹായിക്കും. കൂടാതെ, ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്ന സാധാരണ പെട്രോളും എക്സ്പി 100 ഉൾപ്പെടെയുള്ള പ്രീമിയം ഇന്ധനങ്ങളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. അതിനാൽ ഇവ ഉപയോഗിക്കുന്നത് വഴി വാഹന നിർമ്മാതാക്കൾ നൽകുന്ന എഞ്ചിൻ വാറന്റിക്ക് (OEM Warranty) യാതൊരുവിധ തടസ്സവും ഉണ്ടാകില്ലെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Content Highlights: Ethanol-free petrol is available in India as an alternative for motorists who prefer fuel without ethanol blending. However, this option is generally priced higher than regular petrol. The availability of such premium fuels has gained attention as India expands ethanol blending, while some vehicle owners remain concerned about compatibility, mileage, and the long-term impact of ethanol-blended fuel on older vehicles.

To advertise here,contact us