സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഒരു കമ്പനി തുടങ്ങണമെങ്കിൽ ആദ്യം വേണ്ടത് എന്താണെന്ന് ചോദിച്ചാൽ പലരും പറയുന്ന ഉത്തരം ഫണ്ടിങ് എന്ന് തന്നെയായിരിക്കും. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം, വലിയ മൂലധനം, വമ്പൻ മാർക്കറ്റിങ് ക്യാമ്പെയ്നുകൾ ഇതെല്ലം വേണ്ടേ എന്ന സംശയം കൂടി ഉണ്ടായേക്കാം. എന്നാൽ ഈ പൊതുധാരണകളെയെല്ലാം തെറ്റാണെന്ന് തെളിയിച്ച ഒരു ഇന്ത്യൻ കമ്പനിയുണ്ട്. ഒരേയൊരു Zoho.
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളുമായി മത്സരിക്കുന്ന Zoho ഇന്ന് 150-ലധികം രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മന്റ് (CRM), ഇ-മെയിൽ സേവനങ്ങൾ, അക്കൗണ്ടിങ് സോഫ്റ്റ്വെയർ, എച്ച് ആർ മാനേജ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങി ഒരു ബിസിനസിന് ആവശ്യമായ ഒട്ടുമിക്ക ഡിജിറ്റൽ സേവനങ്ങളും Zohoയുടെ ഉൽപ്പന്ന നിരയിലുണ്ട്.
Zoho യുടെ അമരക്കാരൻ
Zohoയുടെ സ്ഥാപകനായ ശ്രീധർ വെമ്പു തന്നെയാണ് കമ്പനിയുടെ നേട്ടങ്ങൾക്ക് പിന്നിൽ. 1968-ൽ തമിഴ്നാട്ടിൽ ജനിച്ച ശ്രീധർ വെമ്പു, ഐഐടി മദ്രാസിലും പിന്നീട് അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഇന്ത്യയിൽ നിന്ന് ലോകോത്തര ടെക് കമ്പനി നിർമ്മിക്കാമെന്ന വിശ്വാസത്തിലാണ് Zoho ആരംഭിച്ചത്. വലിയ നിക്ഷേപകരെ ആശ്രയിക്കുന്നതിന് പകരം, കമ്പനിയുടെ ലാഭം വീണ്ടും ബിസിനസിൽ നിക്ഷേപിക്കുന്ന മാതൃകയാണ് അദ്ദേഹം പിന്തുടർന്നത്. ഗ്രാമീണ ഇന്ത്യയിലും ലോകോത്തര പ്രതിഭകളുണ്ടെന്ന വിശ്വാസത്തോടെ, നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ഓഫീസുകൾ ആരംഭിക്കുകയും യുവാക്കളെ പരിശീലിപ്പിച്ച് ടെക് മേഖലയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇന്ന് ഇന്ത്യൻ സംരംഭകത്വത്തിന്റെ ഏറ്റവും വ്യത്യസ്തമായ മുഖങ്ങളിലൊന്നായി ശ്രീധർ വെമ്പു കണക്കാക്കപ്പെടുന്നു.
Zoho യെ വ്യത്യസ്തമാക്കുന്നത്
ഇന്ന് പല സ്റ്റാർട്ടപ്പുകളും തുടക്കത്തിൽ തന്നെ നിക്ഷേപകരെ തേടി ഓടുമ്പോൾ Zoho ഒരു വ്യത്യസ്ത പാതയാണ് സ്വീകരിച്ചത്. പുറത്തു നിന്നുള്ളനിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കാതെ, കമ്പനി സ്വന്തമായി സമ്പാദിച്ച ലാഭം വീണ്ടും വീണ്ടും ബിസിനസിലേക്ക് നിക്ഷേപിച്ചാണ് വളർച്ച കൈവരിച്ചത്. ഇതിലൂടെ കമ്പനിക്ക് സ്വന്തം തീരുമാനങ്ങളിൽ പൂർണ സ്വാതന്ത്ര്യം നിലനിർത്താൻ സാധിച്ചു. സാധാരണയായി സ്റ്റാർട്ടപ്പുകളെയും പ്രാരംഭ ഘട്ട കമ്പനികളെയും വളർച്ചാ ഘട്ടങ്ങളിൽ പിന്തുണയ്ക്കുന്ന ധനസഹായമായ വെഞ്ച്വർ ക്യാപിറ്റൽ സ്വീകരിക്കുന്ന കമ്പനികൾക്ക് വേഗത്തിൽ വളരാനുള്ള സമ്മർദ്ദം ഉണ്ടാകും. എന്നാൽ Zoho ദീർഘകാല കാഴ്ചപ്പാടോടെയാണ് മുന്നേറിയത്. ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകുക എന്നതായിരുന്നു കമ്പനിയുടെ പ്രാഥമിക ലക്ഷ്യം.
Zohoയുടെ സ്ഥാപകനായ ശ്രീധർ വെമ്പുവിന്റെ സമീപനവും ശ്രദ്ധേയമാണ്. ഇന്ത്യയിലെ പ്രതിഭകൾ വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ തന്നെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് പോലുള്ള നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് അവസരം നൽകുന്ന രീതിയിലാണ് കമ്പനി പ്രവർത്തിച്ചത്. ഇതിനായി Zoho സ്കൂൾസ് എന്ന വിദ്യാഭ്യാസ സംരംഭവും ആരംഭിച്ചു.
ഡിഗ്രിയില്ലാത്ത വിദ്യാർത്ഥികൾക്ക് പോലും സാങ്കേതിക പരിശീലനം നൽകി സോഫ്റ്റ്വെയർ മേഖലയിലേക്ക് കൊണ്ടുവരിക എന്ന ആശയമായിരുന്നു ഇതിന് പിന്നിൽ. ഇന്ന് Zohoയിലെ നിരവധി ജീവനക്കാർ ഈ പദ്ധതിയിലൂടെ എത്തിയവരാണ്.
ടെക് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . ഈ മേഖലയിൽ പോലും Zoho വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയും, സ്വകാര്യത സംരക്ഷിക്കുകയും ചെയ്ത് കൊണ്ട് എഐ സാങ്കേതികവിദ്യ വികസിപ്പിക്കുകയുമാണ് കമ്പനി.
മറ്റ് കമ്പനികൾ
Zoho, ManageEngine, WebNMS, Qntrl, TrainerCentral, GoFrugal, Zakya, Arattai എന്നിവയാണ് സോഹോ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ബിസിനസ് വിഭാഗങ്ങളും ബ്രാൻഡുകളും
ഓഹരി പങ്കാളിത്തം ഇങ്ങനെ
2011-ലെ പുനഃസംഘടനയുടെ ഭാഗമായി ശ്രീധർ വെമ്പു, കമ്പനിയുടെ ഓഹരികളിൽ ഭൂരിഭാഗവും സഹോദരങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ സോഹോ കോർപ്പറേഷനിൽ അദ്ദേഹത്തിന് 5% ഓഹരി പങ്കാളിത്തമുള്ളത്.
ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് Zoho ഒരു വിജയകരമായ കമ്പനി മാത്രമല്ല. വലിയ ഫണ്ടിങ് ഇല്ലാതെയും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുമെന്ന് തെളിയിച്ച ഒരു മാതൃക കൂടിയാണ്. ഒരു ബിസിനസ് വിജയിക്കണമെങ്കിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വേണമെന്നില്ല. മികച്ച ഉൽപ്പന്നം, വ്യക്തമായ കാഴ്ചപ്പാട്, ദീർഘകാല ചിന്ത, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഇതൊക്കെയാണ് യഥാർത്ഥ മൂലധനം എന്ന് Zoho തെളിയിക്കുന്നു. ദിനം പ്രതി എണ്ണിയാലൊടുങ്ങാത്ത യൂണികോണുകൾ ആണ് പിറവി എടുക്കുന്ന ടെക് ലോകത്ത്, സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് ലോകത്തെ വെല്ലുന്ന ഒരു സാമ്രാജ്യം പടുത്തുയർത്തിയ കമ്പനി എന്ന നിലയിൽ Zohoയ്ക്ക് എല്ലാ കാലത്തും സ്ഥാനമുണ്ടാകും.
Content Highlights: How Sridhar Vembu Turned Zoho into a Billion-Dollar SaaS Company Without Investors