ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വിലമതിക്കപ്പെട്ട എഡ്ടെക് സ്റ്റാർട്ടപ്പായിരുന്ന ബൈജൂസ് ഇന്ന് തകർച്ചയുടെ പ്രതീകമാണ്. 22 ബില്യൺ ഡോളർ (ഏകദേശം 1.82 ലക്ഷം കോടി) മൂല്യമുണ്ടായിരുന്ന കമ്പനി ഇന്ന് പല നിക്ഷേപകരുടെയും കണക്കിൽ ബിഗ് സിറോ ആയി മാറി. അധ്യാപകരായ മാതാപിതാക്കളുടെ മകനായ ബൈജു രവീന്ദ്രൻ ചെറിയ പരിശീലന ക്ലാസുകളിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പഠനരീതിയിലെ പുതുമയും സാങ്കേതികവിദ്യയുടെ സഹായവും ഉപയോഗിച്ച് ബൈജൂസ് വേഗത്തിൽ രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായി വളർന്നു.
കോവിഡ് കാലത്തെ വൻ വളർച്ച
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഡിമാൻഡ് കുത്തനെ ഉയർന്നതോടെ കമ്പനിയുടെ വളർച്ചയും ശരവേഗത്തിലായിരുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകർ കമ്പനിയിലേക്ക് വൻതോതിൽ നിക്ഷേപം നടത്തി. ഇതോടെ ബൈജൂസ് ആപ്പ് ആഗോളതലത്തിൽ വ്യാപനം ആരംഭിക്കുകയും നിരവധി കമ്പനികളെ ഏറ്റെടുക്കുകയും ചെയ്തു.
തുടക്കഘട്ടത്തിൽ ബൈജൂസ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഏകദേശം 4 കോടി രൂപ വാർഷിക കരാർ നൽകിക്കൊണ്ടാണ് ബ്രാൻഡ് അംബാസഡറായി കൊണ്ടുവന്നത്. പിന്നീട് 2022 ൽ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾക്കിടെ, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളിലൊരാളായ ലയണൽ മെസിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ നടപടി. മെസിയുമായുളള കരാർ കേവലം ഒരു സ്പോൺസർഷിപ്പ് മാത്രമല്ലെന്നും മറിച്ച് ഒരു സാമൂഹിക പങ്കാളിത്തം ആണെന്നും ആയിരുന്നു കമ്പനിയുടെ ഭാഷ്യം. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സംരംഭത്തിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി മെസിയെ നിയമിക്കാനുള്ള തീരുമാനം ഈ സംരംഭത്തിന് കൂടുതൽ വ്യാപ്തി നൽകുമെന്നും കമ്പനി കരുതി.
അതിവേഗ വ്യാപനത്തിന്റെ തിരിച്ചടി
അതിവേഗ വളർച്ചയാണ് പിന്നീട് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. വലിയ ഏറ്റെടുക്കലുകൾക്കും വ്യാപനത്തിനുമായി എടുത്ത വായ്പകൾ കമ്പനിക്ക് വലിയ സാമ്പത്തികഭാരം സൃഷ്ടിച്ചു. പ്രത്യേകിച്ച് 1.2 ബില്യൺ ഡോളറിന്റെ ടെർം ലോൺ ബി (Term Loan B) വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചു. പരസ്യങ്ങൾക്കും, സ്പോണസർഷിപ്പിനുമായി കോടികളാണ് കമ്പനി പൊടിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിപണിയിൽ സമാന മേഖലയിൽ നിന്നുള്ള മത്സരവും, ഉപയോക്താക്കളുടെ ഡിമാൻഡും അദ്ദേഹം വകവെച്ചില്ല . പുതിയ മികവുറ്റ അധ്യാപകരെ നിയമിക്കുന്നതിൽ വരെ സ്ഥാപനം പരാജയപ്പെട്ടതാണ് തകർച്ചയ്ക്കു കാരണമെന്നും വിദഗ്ധർ ആവർത്തിക്കുന്നു.
വിശ്വാസ്യതയെ ബാധിച്ച വിവാദങ്ങൾ
സാമ്പത്തിക കണക്കുകൾ സമയത്ത് സമർപ്പിക്കാത്തത്, ജീവനക്കാരുടെ ശമ്പളപ്രശ്നങ്ങൾ, നിക്ഷേപകരുമായുള്ള തർക്കങ്ങൾ, നിയമനടപടികൾ എന്നിവ കമ്പനിയുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിച്ചു. തുടർന്ന് പ്രമുഖ നിക്ഷേപസ്ഥാപനങ്ങൾ ബൈജൂസിലെ തങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം പൂജ്യമാക്കി.
മുന്നറിയിപ്പായി മാറിയ ബൈജൂസ്
കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റിയ വിവാദങ്ങളും വിവിധ രാജ്യങ്ങളിലെ കോടതിക്കേസുകളും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. അതിന്റെ തെളിവാണ് ഇപ്പോൾ ഏറ്റവുമൊടുവിലായി പുറത്തുവന്ന സിങ്കപ്പൂർ കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവുകൾ ലംഘിച്ചതിനാണ് 6 മാസം തടവ് ശിക്ഷ വിധിച്ചത്. 2024 ഏപ്രിൽ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളാണ് അദ്ദേഹം ലംഘിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒരുകാലത്ത് ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തിന്റെ വിജയചിഹ്നമായിരുന്ന കമ്പനി ഇന്ന് നിയന്ത്രണമില്ലാത്ത വളർച്ചയുടെ അപകടസൂചനയായി വിലയിരുത്തപ്പെടുകയാണ്. വിജയത്തിന്റെ പരകോടിയിൽ നിന്ന് നിലംപൊത്തിയ ബൈജൂസ് ബിസിനസ്സ് ലോകത്തിന് തന്നെ ഒരു 'പാഠമായി' മാറുകയാണ്
Content Highlights: From $22 billion to zero: Success, not failure, brought Byju down