കുടിവെള്ളത്തിൽ ബ്രോമേറ്റ് സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി ബിസ്ലേറി. ഗോവയിലെ പ്ലാന്റിൽ നിന്ന് അയച്ച ആകെ ഒരു ബാച്ച് കുടിവെള്ളം മാത്രമാണ് വിൽപ്പനയിൽ നിന്ന് നിരോധിക്കപ്പെട്ടത് എന്നും നിലവിൽ ആ ബാച്ചിലെ ഒരു കുടിവെള്ള കുപ്പി പോലും മാർക്കറ്റിൽ ഇല്ലെന്നും ബിസ്ലേറി പറഞ്ഞു. ശേഷമുള്ള സാമ്പിളുകൾ ഗുണനിലവാരം ഉള്ളതായി കണ്ടെത്തിയെന്നും ഗോവയിലെ പ്ലാന്റിലെ പ്രവർത്തനം നിർത്തിവെപ്പിച്ചിട്ടില്ലെന്നും ബിസ്ലേറി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിസ്ലേറി ഇന്റര്‍നാഷണലിന്റെ പാക്കേജ്ഡ് കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെ പ്രോസിക്യൂഷന് നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (FSSAI) തീരുമാനിച്ചത്. ലാബ് പരിശോധനയില്‍ വെള്ളത്തില്‍ അമിതമായ തോതില്‍ ബ്രോമേറ്റ് സാന്നിധ്യവും പോളി ന്യൂക്ലിയാര്‍ ആരോമാറ്റിക്ക് ഹൈട്രോ കാര്‍ബണും കണ്ടെത്തിയതോടെയായിരുന്നു നടപടി. ഉത്പന്നം വിപണിയില്‍ നിന്നും തിരികെ വിളിക്കാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും FSSAI നിര്‍ദേശിച്ചിരുന്നു. ബിസ്ലേറിക്ക് പുറമേ മറ്റ് ചില ഉത്പന്നങ്ങളും നടപടി നേരിടുന്നുണ്ട് എന്നാണ് വിവരം.
അളവില്‍ കവിഞ്ഞ നിലയില്‍ ബ്രോമേറ്റ് സാന്നിധ്യം ബിസ്ലേറിയുടെ പാക്കേജ്ഡ് കുടിവെള്ളത്തില്‍(മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) ഉണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇത് 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അപ്പീല്‍ നല്‍കുകയും സാമ്പിള്‍ റഫറള്‍ ഫുഡ് ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതോടെയാണ് പോളിന്യൂക്ലിയര്‍ ആരോമാറ്റഇക് ഹൈഡ്രോകാര്‍ബണുകളുടെ (PAHs)സാന്നിധ്യം സ്ഥിരീകരിച്ചത്.
ബിസ്ലേറി വെള്ളത്തില്‍ കണ്ടെത്തിയ ബ്രോമേറ്റും PAHs എന്നിവ കാന്‍സറിന് കാരണമാകുന്നവയാണ്. ബിസ്ലേറിക്ക് പുറമേ ചോക്ലേറ്റ് കുക്കികള്‍ വില്‍ക്കുന്ന ആശ കോണ്ഫെക്ഷണറിക്കെതിരെയും FSSAI നടപടി സ്വീകരിച്ചിട്ടുണ്ട്. കുക്കികളുടെ ലേബലിങ്, സുരക്ഷ, ചേരുവുകള്‍ എന്നിവയില്‍ ചില ആശങ്കകളുണ്ട് എന്നാണ് ലാബ് പരിശോധനയ്ക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നായിരുന്നു നടപടി.
Content Highlights: Bisleri clarified that only one batch of drinking water dispatched from its Goa plant was prohibited from sale following the detection of bromate. The company stated that no bottles from the batch are currently available in the market, other samples met quality standards, and operations at the Goa plant have not been suspended.