ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്കും മുംബൈയിലേക്കും ഇനി പുതിയ വന്ദേ ഭാരത് കുതിപ്പ്; യാത്രാവിവരങ്ങള്‍ അറിയാം

മംഗളൂരു ജംഗ്ഷന്‍ വഴി സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന് ഹസ്സന്‍, ഉഡുപ്പി, മുരുഡേശ്വര്‍, ഗോകര്‍ണ റോഡ്, കാര്‍വാര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട 12 സ്റ്റോപ്പുകളുണ്ടാകും

ബെംഗളൂരു നഗരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗോവയുമായും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായും ബന്ധിപ്പിക്കുന്ന രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സ് സര്‍വീസുകളാണ് രാജ്യത്ത് ഉടന്‍ ആരംഭിക്കുന്നത്. ഇതില്‍ പ്രകൃതിഭംഗി തുളുമ്പുന്ന പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന ബെംഗളൂരു - ഗോവ ട്രെയിന്‍ യാത്രക്കാര്‍ക്ക് അതിവേഗത്തിലുള്ളതും ഒപ്പം മനോഹരവുമായ ഒരു യാത്രാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.ചെന്നൈ ഐ.സി.എഫിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ബി.ഇ.എം.എല്‍ ആണ് ഈ രണ്ട് അത്യാധുനിക ട്രെയിനുകളും വികസിപ്പിച്ചെടുത്തിട്ടുള്ളത്.

യശ്വന്ത്പൂര്‍ - മഡ്ഗാവ് റൂട്ടിലോടുന്ന ബെംഗളൂരു - ഗോവ വന്ദേ ഭാരത് എക്സ്പ്രസ്സ്, പശ്ചിമഘട്ടത്തിലെ സക്ലേഷ്പുർ, സുബ്രഹ്മണ്യ റോഡ് സ്റ്റേഷനുകള്‍ക്കിടയിലുള്ള അതീവ മനോഹരമായ ഹരിതാഭമായ പാതയിലൂടെയാണ് കടന്നുപോകുന്നത്. മംഗളൂരു ജംഗ്ഷന്‍ വഴി സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന് ഹസ്സന്‍, ഉഡുപ്പി, മുരുഡേശ്വര്‍, ഗോകര്‍ണ റോഡ്, കാര്‍വാര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട 12 സ്റ്റോപ്പുകളുണ്ടാകും. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 26655 ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 07:35-ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് 13 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് രാത്രി 08:55-ന് മഡ്ഗാവിലെത്തും. മറുദിശയില്‍ ട്രെയിന്‍ നമ്പര്‍ 26656 വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 08:20-ന് മഡ്ഗാവില്‍ നിന്ന് പുറപ്പെട്ട് രാത്രി 09:15-ന് യശ്വന്ത്പൂരില്‍ തിരിച്ചെത്തും.

ഇതോടൊപ്പം തന്നെ രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ്സ് നവംബര്‍ 2 മുതല്‍ ബെംഗളൂരു - മുംബൈ റൂട്ടില്‍ ഔദ്യോഗികമായി ഓടിത്തുടങ്ങുമെന്നതാണ് മറ്റൊരു വലിയ സവിശേഷത. നവംബര്‍ 1-ന് ബെംഗളൂരുവില്‍ വെച്ച് ഇതിന്റെ ഉദ്ഘാടന സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും. രണ്ട് വന്‍നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം 16 മണിക്കൂറില്‍ താഴെയായി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ ട്രെയിന്‍ ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ഇരുവശങ്ങളിലേക്കും സര്‍വീസ് നടത്തുക. ഹുബ്ബള്ളി ഒഴിവാക്കി പോകുന്ന ഈ വന്ദേ ഭാരത് സ്ലീപ്പറിന് അനന്തപൂര്‍, റായ്ച്ചൂര്‍, സോലാപൂര്‍, കല്ല്യാണ്‍ തുടങ്ങിയ നഗരങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും മുംബൈയില്‍ നിന്ന് ചൊവ്വാഴ്ചകളിലും ഈ സര്‍വീസ് ഉണ്ടായിരിക്കില്ല. രാത്രി 10:00 മണിക്ക് SMVT ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 01:50-ന് മുംബൈ ചത്രപതി ശിവജി ടെര്‍മിനസില്‍ എത്തിച്ചേരും. മറുപാതയില്‍ രാത്രി 10:30-ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 02:50-ന് ബെംഗളൂരുവിലും എത്തും. പുതിയ സര്‍വീസുകള്‍ ടൂറിസം മേഖലയ്ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വന്‍ പ്രയോജനം ചെയ്യും.

Content Highlights: Two new Vande Bharat Express services are set to connect Bengaluru with Goa and Mumbai.The train will have 12 stops, including Hassan, Udupi, Murudeshwar, Gokarna Road and Karwar.

To advertise here,contact us