ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാംഗങ്ങളുടെ പ്രതിമാസ ആനുകൂല്യങ്ങളിൽ വൻ വർധനവ് വരുത്തി സംസ്ഥാന സർക്കാർ. എംഎൽഎമാരുടെ മാസ വരുമാനത്തിൽ 71 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന തുക 1.05 ലക്ഷം രൂപയിൽ നിന്ന് 1.80 ലക്ഷം രൂപയായി ഉയരും. ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
ശമ്പള വർധനവ് വഴി സംസ്ഥാന ഖജനാവിന് പ്രതിവർഷം 17 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. അടുത്തിടെ സമാപിച്ച നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് 1951-ലെ തമിഴ്നാട് ശമ്പള വിതരണ നിയമത്തിൽ ഭേദഗതി വരുത്തിയത്.
പുതിയ ഭേദഗതി പ്രകാരം എംഎൽഎമാരുടെ പ്രതിമാസ വാഹന അലവൻസ് 25,000 രൂപയിൽ നിന്ന് മൂന്നിരട്ടിയാക്കി 75,000 രൂപയായി ഉയർത്തി. ഇതിനുപുറമെ, പേഴ്സണൽ അസിസ്റ്റന്റിനെ (പിഎ) നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപയുടെ പേഴ്സണൽ അസിസ്റ്റൻസ് അലവൻസും പുതുതായി അനുവദിച്ചു. ഈ തുകകൾ എംഎൽഎമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.
എംഎൽഎമാർക്ക് ഔദ്യോഗിക വാഹനം വാങ്ങുന്നതിനുള്ള തുകയുടെ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്ക് 26 ലക്ഷം രൂപ വരെയും മറ്റ് എംഎൽഎമാർക്ക് 15 ലക്ഷം രൂപ വരെയുമുള്ള കാറുകൾ വാങ്ങാനാണ് അനുമതി.
കാട്ടുമണ്ണാർകോവിൽ മണ്ഡലത്തിൽ നിന്നുള്ള വിസികെ (VCK) എംഎൽഎ ഇഎൽ ജ്യോതിമണി ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന പുതിയ എംഎൽഎമാർക്ക് മണ്ഡലത്തിൽ യാത്ര ചെയ്യാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സാമ്പത്തിക പരിമിതികൾ മൂലം പ്രയാസമുണ്ടെന്ന് ജ്യോതിമണി സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രി എല്ലാ എംഎൽഎമാർക്കും വാഹനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും സെപ്റ്റംബർ ആദ്യവാരം ഇതിനായുള്ള ഭേദഗതി ബിൽ അവതരിപ്പിക്കുകയുമായിരുന്നു.
സ്വന്തമായി വാഹനം ലഭിക്കുന്നതോടെ മറ്റുള്ളവരെ ആശ്രയിക്കാതെ അന്തസ്സോടെ ജനസേവനം നടത്താൻ സാധിക്കുമെന്നും സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്നും ജ്യോതിമണി പ്രതികരിച്ചു.
അതേസമയം, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ ഔദ്യോഗിക വാഹനങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന് പ്രധാന പ്രതിപക്ഷമായ ഡിഎംകെയിലെ 59 എംഎൽഎമാർ തീരുമാനിച്ചു. തങ്ങൾക്കും പാർട്ടി എംഎൽഎമാർക്കും സർക്കാർ വക കാറുകൾ ആവശ്യമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് സർക്കാരിന് രേഖാമൂലം കത്തു നൽകി.
Content Highlights: The Tamil Nadu government has raised the monthly pay and allowances of MLAs from Rs 1.05 lakh to Rs 1.80 lakh, a 71% increase effective October 1, 2026. It has also fixed a Rs 15 lakh ceiling for cars provided to MLAs, with higher limits for certain senior Assembly functionaries. The revised benefits are expected to increase the state’s annual expenditure.