ശമ്പളം കൂടുതലാണെങ്കിൽ രാജിവെക്കണം; അപ്രൈസലിന് മുമ്പ് ജീവനക്കാരനോട് മാനേജറുടെ സമ്മർദ്ദം, കുറിപ്പ് വൈറൽ

ജോലിയിലെ പ്രകടനവുമായി ബന്ധപ്പെട്ട വീഴ്ചകളൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നാണ് ജീവനക്കാരൻ പറയുന്നത്

ബെംഗളൂരുവിൽ ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ രാജിവെക്കാൻ മാനേജർ സമ്മർദം ചെലുത്തുന്നതായി ജീവനക്കാരന്റെ ആരോപണം. വരാനിരിക്കുന്ന അപ്രൈസലിന് മുന്നോടിയായി ജോലി ഒഴിയാൻ ആവശ്യപ്പെട്ടതായുള്ള ജീവനക്കാരന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

റെഡ്ഡിറ്റിലൂടെ പങ്കുവെച്ച അനുഭവം തൊഴിൽസുരക്ഷ, ശമ്പളനിർണയം, മാനേജ്മെന്റ് രീതികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ഏകദേശം രണ്ട് മാസം മുമ്പ് പുതിയ മാനേജർ ചുമതലയേറ്റതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് ജീവനക്കാരന്റെ വിശദീകരണം. നിലവിൽ ലഭിക്കുന്ന ശമ്പളം ടീമിന്റെ ബജറ്റിന് താങ്ങാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്നാൽ, ജോലിയിലെ പ്രകടനവുമായി ബന്ധപ്പെട്ട വീഴ്ചകളൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നാണ് ജീവനക്കാരൻ പറയുന്നത്.

വരാനിരിക്കുന്ന അപ്രൈസൽ നടപടികൾക്ക് തൊട്ടുമുമ്പ് രാജിവെക്കാനുള്ള സമ്മർദം നേരിടേണ്ടിവരുന്നത് ആശങ്കയുണ്ടാക്കുന്നതായും ജീവനക്കാരൻ വ്യക്തമാക്കി. ശമ്പളവർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകേണ്ട സമയത്ത് ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം നേരിടുന്നതാണ് പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുന്നത്.

ജീവനക്കാരന് രണ്ട് മാസത്തെ നോട്ടീസ് പിരീഡ് നിലവിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ, പെട്ടെന്ന് രാജിവെച്ച് പുറത്തുപോകുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. മാനേജറുടെ ആവശ്യം അംഗീകരിക്കണോ, അതോ രാജിവെക്കാതെ ജോലിയിൽ തുടരുകയും കമ്പനിയുടെ അടുത്ത നീക്കം നിരീക്ഷിക്കുകയും ചെയ്യണോ എന്ന കാര്യത്തിലാണ് ജീവനക്കാരന് ആശയക്കുഴപ്പം.

ശമ്പളം കൂടുതലാണെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി ഒരു ജീവനക്കാരനോട് രാജിവെക്കാൻ ആവശ്യപ്പെടുന്നത് ന്യായമാണോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. ജീവനക്കാരന്റെ ശമ്പളം കമ്പനിയുടെ ബജറ്റുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഔദ്യോഗികമായും സുതാര്യമായും നടത്തേണ്ടതല്ലേയെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

അതേസമയം, ജീവനക്കാരന്റെ പ്രകടനത്തെക്കുറിച്ചോ കമ്പനിയുടെ ഔദ്യോഗിക നിലപാടിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.ജീവനക്കാരന്റെ പോസ്റ്റ് ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. മാനേജറുടെ സമ്മർദത്തിന് വഴങ്ങി ഉടൻ രാജിവെക്കരുതെന്നാണ് ചിലരുടെ നിർദേശം. മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുന്നതിനൊപ്പം നിലവിലെ തൊഴിൽസ്ഥിതി സംരക്ഷിക്കുന്നതിനും മുൻഗണന നൽകണമെന്നാണ് ഇവരുടെ അഭിപ്രായം.

മാനേജറുമായുള്ള സംഭാഷണങ്ങൾ, രാജിവെക്കാനുള്ള നിർദേശങ്ങൾ, ഇമെയിലുകൾ തുടങ്ങിയ ആശയവിനിമയങ്ങളുടെ രേഖകൾ സൂക്ഷിക്കണമെന്നും ചിലർ നിർദേശിച്ചു. ആവശ്യമെങ്കിൽ കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സസ് വിഭാഗത്തെ സമീപിച്ച് മാനേജറുടെ നിർദേശത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം തേടണമെന്നും അഭിപ്രായങ്ങളുയർന്നു.

രാജിവെക്കുന്നതിന് മുമ്പ് തൊഴിൽകരാറിലെ വ്യവസ്ഥകൾ, നോട്ടീസ് പിരീഡ്, മറ്റ് ബാധ്യതകൾ എന്നിവ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ ഉയർന്നു.കമ്പനികൾക്ക് സാമ്പത്തിക നിയന്ത്രണങ്ങളും ബജറ്റ് പരിമിതികളും ഉണ്ടാകാം. എന്നാൽ, അത്തരം സാഹചര്യങ്ങൾ ജീവനക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതും പ്രധാനമാണ്. ശമ്പളച്ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ജീവനക്കാരുടെ തൊഴിൽസുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് മാറുന്നുണ്ടോ എന്ന ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.

Content Highlights: Manager Is Asking Me To Resign': Bengaluru Techie Claims He Is Being Forced To Quit Ahead Of Appraisal; Internet Reacts

To advertise here,contact us