സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും വെല്ലുവിളിയായി ഫ്ലിപ്കാർട്ട്; ഭക്ഷണവിതരണ രംഗത്തേക്ക് പുതിയ ചുവടുവെപ്പ്

ഫ്ലിപ്കാർട്ടിന്റെ പ്രധാന ഷോപ്പിങ് ആപ്പിൽ ഭക്ഷണ ഓർഡറിങ്ങിനായി പ്രത്യേക വിഭാഗം ഒരുക്കിയാകും സേവനം ലഭ്യമാക്കുക

ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണ വിപണിയിൽ മത്സരം ശക്തമാക്കാൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്. 'ഈറ്റ്- ഇൻ ബൈ മിനിറ്റ്സ്' എന്ന പേരിൽ പുതിയ ഭക്ഷണവിതരണ സേവനം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ബെംഗളൂരുവിൽ ജീവനക്കാരെ ഉൾപ്പെടുത്തി പരീക്ഷണം നടത്തുന്ന സേവനം ഒക്ടോബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഏകദേശം 8,000 ജീവനക്കാരിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ പ്രധാന ഷോപ്പിങ് ആപ്പിൽ ഭക്ഷണ ഓർഡറിങ്ങിനായി പ്രത്യേക വിഭാഗം ഒരുക്കിയാകും സേവനം ലഭ്യമാക്കുക. നിലവിലുള്ള ഉപഭോക്തൃ അടിത്തറയും വിതരണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ഭക്ഷണവിതരണ വിപണിയിൽ ഇടം നേടുകയാണ് ലക്ഷ്യം.

ഫ്ലിപ്കാർട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇകാർട്ട് വഴി ഭക്ഷണവിതരണത്തിനായി പ്രത്യേക ഡെലിവറി ശൃംഖല ഒരുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് വഴിയുള്ള റെസ്റ്റോറന്റുകൾക്കും ഫ്ലിപ്കാർട്ടുമായി നേരിട്ട് സഹകരിക്കുന്ന ഭക്ഷണശാലകൾക്കും പ്ലാറ്റ്‌ഫോമിൽ ഇടം ലഭിച്ചേക്കും.

റെസ്റ്റോറന്റുകളിൽനിന്ന് ഏകദേശം 10 ശതമാനം അടിസ്ഥാന കമ്മിഷൻ ഈടാക്കുന്ന മാതൃകയാണ് ഫ്ലിപ്കാർട്ട് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള പ്രമുഖ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളിൽ ഈടാക്കുന്ന കമ്മിഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവായിരിക്കാം. കുറഞ്ഞ കമ്മിഷൻ റെസ്റ്റോറന്റുകളെ ആകർഷിക്കുമെങ്കിലും പരസ്യങ്ങൾ, ഓഫറുകൾ, മറ്റ് പ്രമോഷൻ ചെലവുകൾ എന്നിവ കൂടി കണക്കിലെടുത്താലേ യഥാർഥ നേട്ടം വ്യക്തമാകൂ.

നിലവിൽ ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണ വിപണിയിൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് പ്രധാന ശക്തികൾ. വിപുലമായ റെസ്റ്റോറന്റ് ശൃംഖലയും ഉപഭോക്തൃ അടിത്തറയും വേഗത്തിലുള്ള ഡെലിവറി സംവിധാനവും ഇവർക്ക് നേട്ടമാണ്. ഈ സാഹചര്യത്തിൽ ഫ്ലിപ്കാർട്ടിന്റെ പ്രവേശനം വിപണിയിലെ മത്സരത്തിന് പുതിയ മാനം നൽകും.

2026 അവസാനത്തോടെ അഞ്ച് മുതൽ ആറ് നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഫ്ലിപ്കാർട്ടിന് നിലവിലുള്ള ഇ-കൊമേഴ്‌സ് ഉപഭോക്താക്കളെ ഭക്ഷണവിതരണത്തിലേക്ക് ആകർഷിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. കുറഞ്ഞ കമ്മിഷൻ, കാര്യക്ഷമമായ ഡെലിവറി, ആകർഷകമായ വില എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞാൽ വിപണിയിൽ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാൻ കമ്പനിക്ക് സാധിച്ചേക്കും.

Content Highlights: Flipkart Set to Enter India’s Food Delivery Market with ‘Eat-in by Minutes’ by October-End, Taking on Zomato and Swiggy

To advertise here,contact us