ഷോപ്പിങ്ങിനും ഓൺലൈൻ പർച്ചേസുകൾക്കുമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നു. രാജ്യത്ത് പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവരിൽ പകുതിയും 30 വയസ്സിന് താഴെയുള്ളവരാണെന്നാണ് പുതിയ റിപ്പോർട്ട്. യുവതലമുറയുടെ സാമ്പത്തിക ശീലങ്ങളിൽ വലിയ മാറ്റമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിജിറ്റൽ പേയ്മെന്റുകളുടെ വളർച്ച, ഓൺലൈൻ ഷോപ്പിങ്, എളുപ്പത്തിൽ വായ്പ ലഭിക്കാനുള്ള അവസരങ്ങൾ എന്നിവയാണ് യുവാക്കളെ ക്രെഡിറ്റ് കാർഡുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ, ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിക്കുന്നതിനൊപ്പം യുവാക്കളുടെ സാമ്പത്തിക ബാധ്യതകളും ഉയരുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ട്രാൻസ്യൂണിയൻ സിബിലിന്റെ ബീയോണ്ട് ദി സ്വയ്പ്പ് 2026 പഠനമനുസരിച്ച്, 2026 മാർച്ചിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ 50 ശതമാനം പേരും 30 വയസ്സിന് താഴെയുള്ളവരാണ്. പുതിയ ഉപയോക്താക്കളിൽ 46 ശതമാനം പേർ അർധനഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരുമാണ്.
യുവതലമുറയിലെ ഭൂരിഭാഗം പേരും മറ്റ് വായ്പകൾ എടുത്ത ശേഷമാണ് ക്രെഡിറ്റ് കാർഡ് വിപണിയിലേക്ക് പ്രവേശിക്കുന്നത് എന്നതാണ് പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ . 2024-ൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുത്ത 24 മുതൽ 30 വയസ്സുവരെയുള്ള ജെൻ സി ഉപയോക്താക്കളിൽ 31 ശതമാനം പേർക്കും ഇതിനകം കുറഞ്ഞത് രണ്ട് ക്രെഡിറ്റ് അക്കൗണ്ടുകളുണ്ടായിരുന്നു. ആദ്യത്തെ ക്രെഡിറ്റ് കാർഡ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ 28 ശതമാനം പേരുടെയും കുടിശ്ശിക 25,000 രൂപയ്ക്ക് മുകളിലെത്തി. ഒരു വർഷത്തിനുള്ളിൽ 69 ശതമാനം പേരും മറ്റൊരു ക്രെഡിറ്റ് ഉൽപ്പന്നം കൂടി ഉപയോഗിക്കാൻ തുടങ്ങിയെന്നും പഠനം വ്യക്തമാക്കുന്നു. വീണ്ടും വായ്പയെടുത്ത ജനറേഷൻ സി ഉപയോക്താക്കളിൽ 39% പേരും തങ്ങളുടെ ആദ്യ ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനത്തിൽ നിന്നോ തന്നെയാണ് അത് സ്വന്തമാക്കിയത്. മില്ലെനിയലുകളിൽ ഇത് 33% ആയിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം 1.4 കോടിയിൽ നിന്ന് 5.2 കോടിയായി ഉയർന്നു. ക്രെഡിറ്റ് കാർഡുകളിലെ ആകെ കുടിശ്ശിക 40,000 കോടി രൂപയിൽ നിന്ന് 3.1 ലക്ഷം കോടി രൂപയായും വർധിച്ചു.ക്രെഡിറ്റ് കാർഡുകൾ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെങ്കിലും കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കാതിരുന്നാൽ പലിശയും മറ്റ് ചാർജുകളും സാമ്പത്തിക സമ്മർദം വർധിപ്പിക്കാം.
അതിനാൽ തിരിച്ചടയ്ക്കാൻ കഴിയുന്ന തുക മാത്രം ചെലവഴിക്കുകയും ബില്ലുകൾ സമയത്ത് അടയ്ക്കുകയും ചെയ്യുന്നത് പ്രധാനമാണ്. ഡിജിറ്റൽ സൗകര്യങ്ങൾ ചെലവഴിക്കൽ എളുപ്പമാക്കുമ്പോൾ, അവ വിവേകത്തോടെ ഉപയോഗിക്കുക എന്നതാണ് പ്രധാനം. യുവാക്കൾക്കിടയിലെ ഈ പ്രവണത ഇന്ത്യയുടെ ഭാവി വായ്പാ വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്നതും ശ്രദ്ധേയമാണ്.
Content Highlights: Gen Z Accounts for 50% of New Credit Card Users in India as Digital Payments and Online Shopping Drive Growth Amid Rising Debt Concerns