‘അക്കൗണ്ടിൽ 20-30 ലക്ഷം രൂപയുണ്ടെങ്കിൽ ടെന്‍ഷന്‍ പമ്പകടക്കും’; മാനസിക സമാധാനത്തിന് പണമാണ് പ്രധാനം

ഇഷ്ടപ്പെട്ട റസ്റ്റോറന്റുകളിൽ പോകുന്നതിനോ, വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുന്നതിനോ, പബ്ബുകളിൽ ചിലവഴിക്കുന്നതിനോ മാത്രമല്ല പണം ആവശ്യം. ജോലി നഷ്ടപ്പെട്ടാലും അടുത്തൊരു വരുമാനമാർഗ്ഗം കണ്ടെത്തുന്നത് വരെ പിടിച്ചുനിൽക്കാനുള്ള പണം നമ്മുടെ കൈവശം വേണം

സ്ഥിരമായ വരുമാനവും മികച്ച സമ്പാദ്യവുമാണ് മാനസിക സമാധാനത്തിനും സ്ട്രെസ്സ് കുറയ്ക്കാനുമുള്ള ഏറ്റവും വലിയ വഴിയെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി സ്പീക്ക് ഫെസ്റ്റ്' സ്ഥാപക സിമ്രിധി മഖീജ. ബാങ്ക് അക്കൗണ്ടിൽ 20 മുതൽ 30 ലക്ഷം രൂപ വരെ നീക്കിയിരിപ്പുണ്ടെങ്കിൽ അനാവശ്യ ഭയമില്ലാതെ ജീവിക്കാൻ സാധിക്കുമെന്നും അവർ ഇൻസ്റ്റാഗ്രാമില്‍‌ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

ആഡംബര ജീവിതം നയിക്കാനോ വിലകൂടിയ ഭക്ഷണവും വസ്ത്രങ്ങളും വാങ്ങാനോ മാത്രമല്ല പണം വേണ്ടതെന്നും, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജോലി ഇല്ലാതാകല്‍, കുടുംബത്തിലെ ചികിത്സാ ചെലവുകൾ, മറ്റ് അത്യാഹിതങ്ങൾ എന്നിവയെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത്തരം ഒരു സമ്പാദ്യം അത്യവശ്യമാണെന്നും സിമ്രിധി ചൂണ്ടിക്കാട്ടുന്നു.

ഇഷ്ടപ്പെട്ട റസ്റ്റോറന്റുകളിൽ പോകുന്നതിനോ, വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുന്നതിനോ, പബ്ബുകളിൽ ചിലവഴിക്കുന്നതിനോ മാത്രമല്ല പണം ആവശ്യം. ജോലി നഷ്ടപ്പെട്ടാലും അടുത്തൊരു വരുമാനമാർഗ്ഗം കണ്ടെത്തുന്നത് വരെ പിടിച്ചുനിൽക്കാനുള്ള പണം നമ്മുടെ കൈവശം വേണം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ തെറാപ്പികൾ, പുസ്തക വായന, വിനോദങ്ങൾ എന്നിവയെല്ലാം നല്ലതാണെങ്കിലും, സ്ട്രെസ്സിന്റെ അടിസ്ഥാന കാരണം സാമ്പത്തിക അരക്ഷിതാവസ്ഥയാണെങ്കിൽ മറ്റ് പരിഹാരങ്ങൾ ഫലപ്രദമാകില്ലെന്ന് അവർ ഓർമ്മിപ്പിച്ചു. സ്വന്തമായി പണം സമ്പാദിക്കുകയും ഒരു സാമ്പത്തിക അടിത്തറ ഉണ്ടാക്കുകയും ചെയ്യുമ്പോൾ മാത്രമേ ജീവിതത്തിൽ ആത്മവിശ്വാസം കൈവരൂ എന്നും അവർ അഭിപ്രായപ്പെടുന്നു.

സ്ഥിരമായ വരുമാനമില്ലാത്ത ബെംഗളൂരുവിലെ പല സ്റ്റാർട്ടപ്പ് സ്ഥാപകരും ജീവിതത്തിന്റെ എല്ലാ മേഖലകളിലും കടുത്ത സമ്മർദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും, സാമ്പത്തിക ഭദ്രത നേടിയവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും സിമ്രിധി കൂട്ടിച്ചേർത്തു. വിമർശനങ്ങൾ ഉണ്ടായാലും സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് തുടർന്നും സംസാരിക്കുമെന്നും സിമ്രിധി മഖീജ കൂട്ടിച്ചേർത്തു.

Content highlights: Money and financial security as factors in mental peace Simridhi Makhija on the importance of savings Why ₹20–30 lakh in bank savings can provide financial confidence Emergency fund for job loss, medical expenses and unexpected situations.

To advertise here,contact us