വയോധികയ്ക്ക് സ്വന്തം കണ്ണട സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; ഈ കണ്ണടയ്ക്ക് ലക്ഷങ്ങൾക്കടുത്ത് വില

സമ്മാനം സ്വീകരിക്കാൻ മടിച്ചെങ്കിലും വിജയ് നിർബന്ധിച്ചതോടെയാണ് അവർ അത് ഏറ്റുവാങ്ങിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സേലത്ത് സന്ദർശനത്തിനിടെ ഒരു വയോധികയ്ക്ക് തന്റെ വിലയേറിയ കണ്ണട സമ്മാനമായി നൽകിയ സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. മെറ്റൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് കാവേരി ഡെൽറ്റ മേഖലയിലെ സാംബ നെൽകൃഷിക്കായി വെള്ളം തുറന്നുവിടുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിജയ് സേലത്ത് എത്തിയത്. പവർ സ്റ്റേഷൻ സന്ദർശിച്ചതിന് പിന്നാലെ അദ്ദേഹം സമീപത്തെ ഒരു കർഷകന്റെ വീട്ടിലെത്തി പ്രദേശവാസികളുമായി സംസാരിക്കുകയായിരുന്നു. ഈ സന്ദർശനത്തിനിടെയാണ് ചെല്ലം എന്ന വയോധികയുമായുള്ള വിജയിന്റെ ഹൃദയസ്പർശിയായ കൂടിക്കാഴ്ച നടന്നത്.

റിപ്പോർട്ടുകൾ പ്രകാരം, വിജയ് ധരിച്ചിരുന്നത് ഫ്രഞ്ച് ആഡംബര ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറിന്റെ ഡിയോർടാഗ് എസ്‌യു കറുത്ത ചതുരാകൃതിയിലുള്ള കണ്ണടയാണ്. ഔദ്യോഗിക വില അനുസരിച്ച് ഈ കണ്ണടയ്ക്ക് 490 ഡോളർ, അതായത് ഏകദേശം 46,450 രൂപ വിലയുണ്ട്. കറുത്ത നിറത്തിലുള്ള നേർത്ത ഫ്രെയിമിനൊപ്പം ക്രിസ്റ്റൽ നിറത്തിലുള്ളതും വെള്ളി നിറത്തിലുള്ള ലോഹത്തിൽ നിർമ്മിച്ചതുമായ കൈഭാഗങ്ങളാണ് കണ്ണടയുടെ പ്രത്യേകത. നീല ലെൻസുകളും നീല നിറത്തിലുള്ള അറ്റങ്ങളും കറുത്ത അസിറ്റേറ്റ് ഫ്രെയിമുമുള്ള ഈ ഇറ്റലിയിൽ നിർമ്മിച്ച കണ്ണട പൂർണമായ അൾട്രാവയലറ്റ് കിരണ സംരക്ഷണവും നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ചെല്ലവുമായി സംസാരിക്കുന്നതിനിടെ അവർ ഭക്ഷണം കഴിച്ചോയെന്ന് വിജയ് ചോദിച്ചു. അദ്ദേഹത്തെ കാണാനായി കാത്തിരുന്നതിനാൽ താൻ ഇതുവരെ ഒന്നും കഴിച്ചിരുന്നില്ലെന്ന് വയോധിക മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്. തുടർന്ന് വിജയ് അവരുടെ പേര് ചോദിക്കുകയും ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് സമീപത്തെ കർഷകന്റെ വീടും കന്നുകാലി ഷെഡും സന്ദർശിക്കുന്നതിന് മുമ്പ് വിജയ് ധരിച്ചിരുന്ന ഡിയോർ കണ്ണട അഴിച്ച് ചെല്ലത്തിന് സമ്മാനമായി നൽകുകയായിരുന്നു. ആദ്യം സമ്മാനം സ്വീകരിക്കാൻ ചെല്ലം മടിച്ചെങ്കിലും വിജയ് നിർബന്ധിച്ചതോടെയാണ് അവർ അത് ഏറ്റുവാങ്ങിയത്.

തനിക്ക് അതിയായ സന്തോഷമായെന്നും സിനിമകളിൽ കാണുന്നതുപോലെ തന്നെയായിരുന്നു വിജയ് തോന്നിയതെന്നും ചെല്ലം പിന്നീട് പ്രതികരിച്ചു. അദ്ദേഹത്തിന് എന്തെങ്കിലും ദോഷം സംഭവിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അദ്ദേഹത്തെ സംരക്ഷിക്കുമെന്നും ആവേശത്തോടെ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വയോധിക ഭക്ഷണം കഴിക്കണമെന്ന് വിജയ് പ്രത്യേകം നിർദേശിക്കുകയും ചെയ്തു. കൂടിക്കാഴ്ചയുടെ സന്തോഷത്തിൽ വാർധക്യം മൂലം ശാരീരിക ജോലികൾ ചെയ്യാൻ കഴിയാത്തതും റേഷൻ കാർഡ് നഷ്ടപ്പെട്ടതും ചെറിയ മാസവരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതുമടക്കമുള്ള തന്റെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തോട് പറയാൻ പോലും താൻ മറന്നുപോയതായി ചെല്ലം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സേലത്ത് സന്ദർശനത്തിനിടെ ആതിഥേയ കുടുംബത്തിന് പരമ്പരാഗത ധോതികളും സാരികളും വിതരണം ചെയ്ത വിജയ് പ്രദേശത്തെ കാർഷിക വിഷയങ്ങളെക്കുറിച്ചും സംസാരിച്ചതായും റിപ്പോർട്ടുണ്ട്.

Content Highlights:Tamil Nadu Chief Minister Vijay gifts his Dior sunglasses to an elderly woman The luxury sunglasses are reportedly worth around ₹46,000 The heartwarming incident took place during Vijay's visit to Salem.

To advertise here,contact us