ഗിഗ് തൊഴിലാളികൾക്ക് സർക്കാരിന്റെ കൈത്താങ്ങ്; വിശ്രമമുറികൾ ഒരുങ്ങുന്നു; ആദ്യഘട്ടത്തിൽ മൂന്ന് നഗരങ്ങളിൽ

ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്

ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കൊപ്പം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി കേരള സർക്കാർ. ഗിഗ് തൊഴിലാളികൾക്കായി വിശ്രമമുറികൾ അടുത്ത മാസം 20നകം തുറക്കാനാണ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്. 90 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. വിശ്രമമുറികൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, വിവിധ സേവന മേഖലകളിലെ തൊഴിലാളികൾ തുടങ്ങി വലിയൊരു വിഭാഗമാണ് ഗിഗ് മേഖലയിൽ പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ എന്നിവരടക്കം നിരവധി പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ജോലി സമയത്ത് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും ആവശ്യമായ സൗകര്യങ്ങൾ പല സ്ഥലങ്ങളിലും ലഭ്യമല്ലെന്ന പരാതി ശക്തമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക വിശ്രമമുറികൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്. കട്ടിലുകൾ, ശുചിമുറി, കുടിവെള്ളം, ടി വി എന്നിവയെല്ലാം മുറിയിലുണ്ടാകും. തൊഴിലാളികൾക്ക് ജോലി ഇടവേളകളിൽ സുരക്ഷിതമായി വിശ്രമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

നിലവിൽ ഗിഗ് തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവർക്കായി കൂടുതൽ ക്ഷേമപദ്ധതികൾ ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. നഗരപ്രദേശങ്ങളിൽ ഡെലിവറി, ഗതാഗതം, ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ വലിയൊരു പങ്ക് നിർവഹിക്കുന്നത് ഗിഗ് തൊഴിലാളികളാണ്.

ആദ്യഘട്ടത്തിലെ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വിശ്രമമുറികളുടെ സൗകര്യം വ്യാപിപ്പിക്കാനാണ് തീരുമാനം. 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിശ്രമമുറികൾ ആരംഭിക്കുന്നത്. ഗിഗ് തൊഴിലാളികൾ നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം, ജോലി ചെയ്യുന്നവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഈ പദ്ധതി നിർണായക ചുവടുവയ്പ്പാകുമെന്നാണ് പ്രതീക്ഷ.

Content Highlights: Kerala government to set up rest rooms for gig workers. First phase to cover Thiruvananthapuram, Ernakulam and Kozhikode. Facilities aimed at delivery workers, taxi drivers and other platform-based workers.

To advertise here,contact us