ട്രെയിനിൽ ഈ കാര്യങ്ങൾ ചെയ്താൽ ₹1,000 പിഴ; അടച്ചില്ലെങ്കിൽ ₹2,000 വരെ നൽകേണ്ടിവരും

ഓഗസ്റ്റ് 24ന് റെയിൽവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെയാണ് പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നത്

ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും വൃത്തിഹീനത സൃഷ്ടിക്കുന്ന പ്രവൃത്തികൾക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ. പുതിയ ഭേദഗതി പ്രകാരം റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ ശുചിത്വനിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി ₹1,000 വരെ പിഴ ചുമത്താം. നേരത്തെ ഈ നിയമലംഘനങ്ങൾക്ക് പരമാവധി ₹500 ആയിരുന്നു പിഴ. ഓഗസ്റ്റ് 24ന് റെയിൽവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെയാണ് പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നത്.

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും നിശ്ചയിച്ചിട്ടുള്ള മാലിന്യസംസ്‌കരണ സ്ഥലങ്ങൾ ഒഴികെ മറ്റിടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നതും വലിച്ചെറിയുന്നതും ഇനി ₹1,000 പിഴയ്ക്ക് കാരണമാകും. ട്രെയിൻ സീറ്റിനടിയിൽ ഭക്ഷണപ്പൊതി, പ്ലാസ്റ്റിക് കപ്പ്, കുപ്പി തുടങ്ങിയവ ഉപേക്ഷിക്കുന്നതും നിയമലംഘനമായി കണക്കാക്കാം. യാത്രക്കാരെ മാത്രമല്ല, റെയിൽവേ പരിസരത്ത് ഇത്തരം നിയമങ്ങൾ ലംഘിക്കുന്ന മറ്റുള്ളവരെയും പുതിയ പിഴ വ്യവസ്ഥ ബാധിക്കും.

മാലിന്യം വലിച്ചെറിയുന്നതിന് പുറമെ തുപ്പുക, അനുമതിയില്ലാതെ പാചകം ചെയ്യുക, കുളിക്കുക, മൂത്രമൊഴിക്കുക, മലവിസർജനം നടത്തുക, മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുക, വാഹനങ്ങൾ കഴുകുക, പാത്രങ്ങളോ വസ്ത്രങ്ങളോ കഴുകുക തുടങ്ങിയ പ്രവർത്തനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. റെയിൽവേയുടെ ശുചിത്വത്തിനും പരിസരത്തിന്റെ വൃത്തിക്കും തടസ്സമാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയാണ് നടപടി.

ട്രെയിൻ കോച്ചുകളിലും മറ്റ് റെയിൽവേ സ്വത്തുക്കളിലും അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിക്കുകയോ എഴുതുകയോ വരയ്ക്കുകയോ ചെയ്ത് നശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം, റെയിൽവേ പരിസരത്ത് പ്രവർത്തിക്കുന്ന അംഗീകൃത വിൽപ്പനക്കാരും ഹോക്കർമാരും മാലിന്യം ശേഖരിക്കാൻ ആവശ്യമായ ബിന്നുകളോ മറ്റ് സംവിധാനങ്ങളോ ഒരുക്കുകയും മാലിന്യം ശരിയായ രീതിയിൽ നീക്കം ചെയ്യുകയും വേണം.

സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ മാനേജർ, കൊമേഴ്സ്യൽ വിഭാഗത്തിലെ ടിക്കറ്റ് കളക്ടർമാർ, ഓപ്പറേറ്റിങ് വിഭാഗത്തിലെ തത്തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയ അധികാരപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥർക്കാണ് പിഴ ചുമത്താനും ഈ നിയമങ്ങൾ നടപ്പാക്കാനും അധികാരം.

ഏറ്റവും ശ്രദ്ധിക്കേണ്ടത് പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കുള്ള നടപടിയാണ്. ₹1,000 പിഴ അടയ്ക്കാത്ത പക്ഷം വ്യക്തിയെ അധികാരപരിധിയുള്ള കോടതിയിൽ ഹാജരാക്കാം. തുടർന്ന് കോടതി പരമാവധി ₹2,000 വരെ പിഴ ചുമത്താനും സാധ്യതയുണ്ട്. റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കൂടുതൽ വൃത്തിയുള്ളതാക്കുകയും യാത്രക്കാരിൽ ശുചിത്വബോധം ശക്തിപ്പെടുത്തുകയുമാണ് പിഴ വർധിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം.

Content Highlights:Indian Railways has increased the penalty for certain cleanliness-related offences. Littering in trains and railway premises can attract a fine of up to ₹1,000. Refusing to pay the penalty may lead to court proceedings and a fine of up to ₹2,000.

To advertise here,contact us