ക്ഷീരകർഷകർക്ക് ആശ്വാസമായി വിജയ്‌യുടെ പ്രഖ്യാപനം; ആവിൻ പാൽ സംഭരണ വില കൂട്ടി; ഡിഎംകെയ്ക്ക് വിമർശനം

മൂന്നേകാൽ ലക്ഷം കർഷകർക്ക് ഈ തീരുമാനം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു

ക്ഷീരകർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ക്ഷീരകർഷകരിൽ നിന്നും ആവിൻ പാൽ സംഭരിക്കുമ്പോൾ അവർക്ക് നൽകുന്ന തുക വർധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. 38 രൂപയിൽ നിന്ന് 41 രൂപയാക്കുമെന്നാണ് വിജയ് നിയമസഭയിൽ പറഞ്ഞത്.

വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനമാണെങ്കിലും കർഷകരുടെ ക്ഷേമവും മാന്യമായ വേതനവും മറ്റും മുൻനിർത്തിയാണ് സർക്കാർ ഇത്തരത്തിൽ തീരുമാനമെടുക്കുന്നത് എന്നും വിജയ് പറഞ്ഞു. മൂന്നേകാൽ ലക്ഷം കർഷകർക്ക് ഈ തീരുമാനം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനം മൂലം സംസ്ഥാന സർക്കാരിന് പ്രതിമാസം 30 കോടി രൂപയുടെ അധിക ചിലവാണ് വരിക. ഡിഎംകെ സർക്കാർ സംഭരണ വില വർധിപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും വിജയ് കുറ്റപ്പെടുത്തി.

അവസാനമായി 2022 നവംബറിലാണ് പാലിന്റെ സംഭരണ വില ഉയർത്തപ്പെട്ടത്. അന്ന് പശുവിന്റെ പാലിന് 35 രൂപയാക്കിയും എരുമയുടെ പാലിന് 44 രൂപയാക്കുകയുമായിരുന്നു. 2023 ഡിസംബറിൽ 3 രൂപ കൂടി ഇൻസെന്റീവ് ആയി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടിലെ മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു.

എംഎൽഎമാർക്ക് മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിനുമായാണ് പുതിയ നീക്കം.ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ എം.എൽ.എമാർക്ക് മണ്ഡലത്തിലെത്തി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും കാറുകൾ വേണമെന്നും വി.സി.കെ എം.എൽ.എ ജ്യോതിമണി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിജയിയുടെ പ്രഖ്യാപനം. ഡ്രൈവറുടെ ശമ്പളത്തിനും കാറുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കുമായാണ് പ്രതിമാസം 75,000 രൂപ അലവൻസായി നൽകുന്നത്.

Content Highlights: Tamil Nadu Chief Minister Vijay announced a hike in the procurement price paid to dairy farmers for Aavin milk. The payment will be increased from Rs 38 to Rs 41 per litre, providing financial relief to milk producers across the state.

To advertise here,contact us