കൊക്കക്കോള ഇനി പഴയ കൊക്കക്കോളയല്ല; റിബണ്‍ മുതല്‍ പാക്കേജിംഗ് വരെ അടിമുടി മാറ്റങ്ങള്‍

നിലവില്‍ 200-ലധികം രാജ്യങ്ങളില്‍ കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പ്രതിദിനം 220 കോടിയിലധികം വില്‍പ്പനയാണ് നടക്കുന്നത്

ലോകമെമ്പാടുമുള്ള വിപണികളില്‍ കൊക്കക്കോളയെ ഒരേ രൂപത്തിലേക്ക് എത്തിക്കുമെന്ന് കമ്പനി. ഇതിനായി പുതിയ ആഗോള ഐഡന്റിറ്റി അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ എല്ലാ ഉത്പന്നങ്ങളും കൊക്കക്കോള തന്നെയാണെന്ന് ഉപഭോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ഡിസൈന്‍ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ പുതിയ ഡിസൈന്‍ നടപ്പിലാക്കാനാരംഭിച്ചു.

എന്തൊക്കെയാണ് മാറ്റങ്ങള്‍?

കൊക്കക്കോളയുടെ ഏറ്റവും തിരിച്ചറിയപ്പെടുന്ന ഘടകങ്ങളിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കൊക്കകൊള റിബണ്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ചുവപ്പും വെള്ളയും നിറങ്ങളുടെ കോമ്പിനേഷനും ഇതില്‍ പ്രധാനമായി നിലനിര്‍ത്തും. ലോഗോയാണ് മറ്റൊന്ന്. ഇക്കാര്യങ്ങളെല്ലാം വിവിധ രാജ്യങ്ങളിലുള്ള കൊക്കകോള ഉത്പന്നങ്ങളില്‍ ഒരേ പോലെ ഉപയോഗിക്കും. ഈ ഘടകങ്ങള്‍ ഇനി മുതല്‍ പാക്കേജിംഗ്, റീട്ടെയില്‍ സ്റ്റോറുകള്‍, കൂളിംഗ് ഉപകരണങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തമായി ഉപയോഗിക്കും.

കൊക്കകോള സീറോ ഷുഗറിന് പ്രത്യേക ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് അതേ ബ്രാന്‍ഡ് സംവിധാനത്തിനുള്ളില്‍ തന്നെ വ്യത്യസ്തമായ ദൃശ്യരൂപം നല്‍കിയിട്ടുണ്ട്. കാനുകളില്‍ കറുത്ത റിബണ്‍, ബോള്‍ഡ് ടൈപ്പോഗ്രഫി, PET ബോട്ടിലുകളില്‍ കറുത്ത ക്യാപ് എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

കാലത്തിനൊത്ത വികസനം

ലോകത്ത് ഏറ്റവും കൂടുതല്‍ തിരിച്ചറിയപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നായ കൊക്കക്കോള കാലത്തിനനുസരിച്ച് മാറുകയും വളരുകയും ചെയ്യേണ്ട അനിവാര്യമാണെന്ന് കൊക്കക്കോള ഗ്ലോബല്‍ കാറ്റഗറി പ്രസിഡന്റ് അര്‍ണബ് റോയ് പറഞ്ഞു. നിലവില്‍ 200-ലധികം രാജ്യങ്ങളില്‍ കൊക്കക്കോള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പ്രതിദിനം 220 കോടിയിലധികം വില്‍പ്പനയാണ് നടക്കുന്നത്. അതിനാല്‍ ഇത്ര വലിയ തോതില്‍ ബ്രാന്‍ഡ് ഏകീകരണം നടപ്പിലാക്കുന്നത് സുപ്രധാന നീക്കമായാണ് കമ്പനി വിലയിരുത്തപ്പെടുന്നത്.

Content Highlights: Coca-Cola has introduced a new global visual identity system to deliver a consistent brand experience across 200+ markets, refreshing packaging, retail designs and digital platforms while strengthening its iconic visual assets

To advertise here,contact us