അതിവേഗ വളര്‍ച്ചയില്‍ ഇന്ത്യയിലെ ഡാറ്റാ സെന്റര്‍ വിപണി; വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്നു

ഇന്ത്യയിലെ ഡാറ്റാ സെന്റര്‍ വിപണി നിലവില്‍ അതിവേഗ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള ആവശ്യകത വര്‍ധിച്ചതും അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപങ്ങള്‍ ഉയര്‍ന്നതും ഇതിന് കാരണമാവുന്നു

ഡാറ്റാ സെന്ററുകള്‍ക്കുള്ള വൈദ്യുതിയും അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതില്‍ സജീവമായി ഇടപെടാന്‍ കേന്ദ്ര വൈദ്യുതി മന്ത്രാലയം.വിവിധ വിഭാഗങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്താനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. 2032ഓടെ ഡാറ്റാ സെന്ററുകളില്‍ നിന്നുള്ള വൈദ്യുതി ആവശ്യം 26 ഗിഗാവാട്ട് ആയും, 2040ഓടെ അത് 35.7 ഗിഗാവാട്ട് ആയും ഉയരുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടക്കുന്നത്.

വൈദ്യുതി മന്ത്രാലയവും കേന്ദ്ര വൈദ്യുതി അതോറിറ്റിയും ചേര്‍ന്ന് വൈദ്യുതി വിതരണ കമ്പനികള്‍, ട്രാന്‍സ്മിഷന്‍ കമ്പനികള്‍, ഡാറ്റാ സെന്റര്‍ വികസന കമ്പനികള്‍ എന്നിവരുമായി യോഗങ്ങള്‍ നടത്തി ആവശ്യകത വിലയിരുത്തും. വൈദ്യുതി വിതരണ ആവശ്യകത, ട്രാന്‍സ്മിഷന്‍ കണക്റ്റിവിറ്റി, അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് വിലയിരുത്തുക. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഡാറ്റാ സെന്റര്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതിനാല്‍, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വൈദ്യുതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ട്.

ഡാറ്റാ സെന്ററുകള്‍ക്കായുള്ള വൈദ്യുതി ഗ്രിഡ് സംവിധാനവും ട്രാന്‍സ്മിഷന്‍ ശൃംഖലയും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയിലെ ഡാറ്റാ സെന്റര്‍ വിപണി നിലവില്‍ അതിവേഗ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള ആവശ്യകത വര്‍ധിച്ചതും അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപങ്ങള്‍ ഉയര്‍ന്നതും ഇതിന് കാരണമാവുന്നു.

2035 സാമ്പത്തിക വര്‍ഷത്തോടെ ഡാറ്റാ സെന്റര്‍ മേഖലയിലെ സമ്പൂര്‍ണ മൂല്യശൃംഖലയില്‍ ഏകദേശം 90 ബില്യണ്‍ ഡോളറിന്റെ ബിസിനസ് അവസരം രൂപപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പ്, രാജ്യത്ത് വരാനിരിക്കുന്ന ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകത എത്രയാകുമെന്ന് കണക്കാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായ പഠനം ആരംഭിച്ചിരുന്നു.

Content Highlights: India's Power Ministry is strengthening grid and transmission infrastructure to meet the rapidly growing electricity demand from data centres, which is projected to reach 26 GW by 2032 and 35.7 GW by 2040

To advertise here,contact us