സ്വർണ വില ലക്ഷം കടന്ന് കുതിക്കുന്നു; തട്ടിപ്പിലും പുതിയ വഴികൾ, കൂട്ടിന് BIS ഹാൾമാർക്ക്

യഥാർത്ഥ സ്വർണാഭരണങ്ങളെപ്പോലെ തോന്നിക്കുന്ന വ്യാജ ആഭരണങ്ങളാണ് പ്രതികൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം വെച്ചത്

കർണാടകയിലെ ശിവമോഗയിൽ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ തട്ടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തീർത്ഥഹള്ളി താലൂക്കിലെ ബഗ്ഗോഡി ഗ്രാമത്തിൽ താമസിക്കുന്ന രാഹുലും സഹോദരൻ ലോകേഷും ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിനായി വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്.

ഏകദേശം 28.87 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. യഥാർത്ഥ സ്വർണാഭരണങ്ങളെപ്പോലെ തോന്നിക്കുന്ന വ്യാജ ആഭരണങ്ങളാണ് പ്രതികൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം വെച്ചത്. പ്രാഥമിക പരിശോധനയിൽ ഇവ യഥാർത്ഥ സ്വർണമാണെന്ന് വിശ്വസിച്ച സ്ഥാപനങ്ങൾ പിന്നീട് വായ്പ അനുവദിക്കുകയായിരുന്നു.

സംശയാസ്പദമായ ചില സ്വർണവായ്പ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ആഭരണങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണയം വെച്ച ആഭരണങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും മുഖ്യപ്രതി രാഹുലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരാതിയെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ നിരവധി പണയ ഇടപാടുകൾ പരിശോധിച്ച പൊലീസ്, ഒരേ രീതിയിൽ വിവിധ സ്ഥാപനങ്ങളെ കബളിപ്പിച്ചിരുന്ന സംഘത്തിന്റെ പ്രവർത്തനം കണ്ടെത്തി. ഇതോടെയാണ് പ്രതികൾ കുടുങ്ങിയത്.

ഇവർക്ക് പുറമെ മറ്റാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നും ബാങ്ക് ജീവനക്കാരുടെയോ പണയ വിലയിരുത്തൽ നടത്തിയവരുടെയോ പങ്ക് ഉണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്. മറ്റ് ജില്ലകളിലും ഇതേ ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും സമാനമായ രീതികൾ ഉപയോഗിച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

രാഹുൽ, ലോകേഷ്, സുധ, രാജേഷ് തുടങ്ങി വ്യത്യസ്ത പേരുകളിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന പ്രതികൾ ശിവമോഗയിലുടനീളമുള്ള നിരവധി ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ ആഭരണങ്ങൾ പണയം വച്ചതായും പോലീസ് പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഗോപാൽ, വിദ്യാനഗർ എന്നിവിടങ്ങളിലെ ഡിസിസി ബാങ്ക് ശാഖകൾ, അൽകോളയിലെ സിരി സൗഹാർദ സൊസൈറ്റി, സരസ്വതി സഹകരണ സൊസൈറ്റി, അന്നപൂർണേശ്വരി ജ്വല്ലറി എന്നിവയുടെ ശാഖകൾ ഇതിൽ ഉൾപ്പെടുന്നു. രാഹുൽ മാത്രം സരസ്വതി സൗഹാർദ സൊസൈറ്റിയിൽ 165 ഗ്രാം വ്യാജ സ്വർണം പണയം വച്ചതായും 10.68 ലക്ഷം രൂപ വായ്പ എടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ആഭരണങ്ങളിൽ 10 മുതൽ 30 ശതമാനം വരെ യഥാർത്ഥ സ്വർണ്ണ പൂശിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംശയം ഒഴിവാക്കാൻ, പ്രതികൾ ആഭരണങ്ങളിൽ വ്യാജ ബിഐഎസ് ഹാൾമാർക്ക് സ്റ്റാമ്പുകൾ പതിപ്പിച്ചതും സംശയത്തിന് ഇട നൽകാതെ വായ്പ ലഭിക്കാൻ കാരണമായി.ഒളിവിൽ കഴിയുന്ന പ്രതി ശരത് ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് നിഖിൽ ബി പറഞ്ഞു.

സംഭവത്തിന് പിന്നാലെ സ്വർണവായ്പ അനുവദിക്കുന്ന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പണയം സ്വീകരിക്കുന്ന ആഭരണങ്ങളുടെ ശുദ്ധത പരിശോധിക്കാൻ ആധുനിക പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Content Highlights: 2 arrested for availing Rs 28 lakh gold loan by mortgaging fake ornaments in Shivamogga

To advertise here,contact us