ഹോട്ടൽ, ഹോസ്പിറ്റാലിറ്റി ശൃംഖലയായ മാരിയറ്റിന്റെ പ്രധാനപ്പെട്ട കസ്റ്റമർ ബേസ് ഇന്ത്യയിലേതെന്ന് ചെയർമാൻ ഡേവിഡ് മാരിയറ്റ്. ഇന്ത്യയാണ് തങ്ങളുടെ പ്രധാനപ്പെട്ട മാർക്കറ്റ് എന്നും ആഗോളതലത്തിലെ പ്രശ്നങ്ങൾക്കിടയിലും ഇന്ത്യയിൽ മാർക്കറ്റ് വളർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ മാരിയറ്റിന്റെ 300 -ാമത്തെ ഹോട്ടൽ ഉയരുമെന്നും ഇന്ത്യ ഹോസ്പിറ്റാലിറ്റിയുടെ നാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
16 മാസം മുൻപ് ഇന്ത്യയിൽ തങ്ങളുടെ 150 ഹോട്ടലുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോളത് 220 ആയി ഉയർന്നു. ഗംഭീര വളർച്ചയാണ് ഇന്ത്യയിൽ തങ്ങൾക്ക് ലഭിച്ചതെന്നും ഇനിയും തങ്ങൾ വളർച്ച കൈവരിക്കുമെന്നും ഡേവിഡ് മാരിയറ്റ് പറഞ്ഞു. ആഗോളതലത്തിൽ തന്നെ മാരിയറ്റിന്റെ 10,000 -ാമത് പ്രോപ്പർട്ടി രാജസ്ഥാനിലെ രത്നംബോറിൽ തുടക്കുമരുന്നും അദ്ദേഹം അറിയിച്ചു.
അടുത്ത 5 വർഷത്തിൽ 200 ഹോട്ടലുകൾ പണിയുക എന്നതും തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡേവിഡ് മാരിയറ്റ് പറഞ്ഞു. എന്നാൽ ഇപ്പോഴുള്ള ആഗോളപ്രതിസന്ധികളെയും അദ്ദേഹം തള്ളിക്കളയുന്നില്ല. യാത്രകൾ എന്നത് ഒരു പോസിറ്റിവ് ഫോഴ്സ് ആണ്. ആളുകൾ യാത്രകൾ ചെയ്യാൻ ഇപ്പോഴും താത്പര്യപ്പെടുന്നുണ്ട്.
പ്രതിസന്ധികൾ താത്കാലികമായി യാത്രകളെ തടസപ്പെടുത്തുമെങ്കിലും അത് നീണ്ടുനിൽക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്കുള്ള യാത്രക്കാരിൽ 40 ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണെന്നും മാർച്ചിൽ അതിനാൽ ചില പ്രതിസന്ധികൾ നേരിട്ടിരുന്നുവെന്നും ഏഷ്യ പസിഫിക് മേഖലയിലെ പ്രസിഡന്റ് ആയ രാജീവ് മേനോൻ പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ കമ്പനി വളർച്ച തിരിച്ചുപിടിച്ചു. ജൂണിലും വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത് എന്നും രാജീവ് മേനോൻ പറഞ്ഞു.
ഫെബ്രുവരിയിൽ ഏഷ്യ പസിഫിക് മേഖലയിലെ ഏറ്റവും കൂടുതൽ വളർച്ച നേടിയ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ജപ്പാൻ എന്നിവരായിരുന്നു പിന്നിൽ. 12000 മുറികളാണ് ഇന്ത്യയിൽ ഫെബ്രുവരി മാസം ബുക്ക് ചെയ്യപ്പെട്ടത്.
Content Highlights: Marriott International Chairman David Marriott has stated that India represents one of the company's most important customer bases and markets globally. He noted that despite challenges in the global economy, the Indian hospitality and travel market continues to show strong growth