2021ല്‍ ക്ലൗഡ് കിച്ചൺ ബിസിനസ് തുടങ്ങി: ഇന്ന് കടം 1 കോടിയിലേറെ: പാളിയത് അവിടെ; വൈറലായി കുറിപ്പ്

കടം വീട്ടാൻ എന്തുചെയ്യണം എന്നറിയാതെ സഹായം അഭ്യർത്ഥിച്ച് യുവാവ് പങ്കുവെച്ച കുറിപ്പാണ് വൈറലായത്

3 min read|11 Jun 2026, 06:20 pm

ന്യൂഡൽഹി: കുറഞ്ഞ മൂലധനത്തിൽ വലിയ ലാഭം ലക്ഷ്യമിട്ട് ക്ലൗഡ് കിച്ചൺ ബിസിനസ്സിലേക്ക് ഇറങ്ങി ഒടുവിൽ ഒരു കോടി രൂപയുടെ കടക്കെണിയിലായ 25-കാരനായ ഒരു യുവസംരംഭകന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കടം വീട്ടാൻ എന്തുചെയ്യണം എന്നറിയാതെ സഹായം അഭ്യർത്ഥിച്ച് യുവാവ് പങ്കുവെച്ച കുറിപ്പാണ് വൈറലായത്. അമിതമായ കടം വാങ്ങി ബിസിനസ്സ് വിപുലീകരിക്കാൻ ശ്രമിച്ചതാണ് ഇത്രയും വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2021-ൽ ബിപിഒയിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ബന്ധുക്കളിൽ നിന്ന് 2 ലക്ഷം രൂപ കടം വാങ്ങി യുവാവ് ചെറിയ രീതിയിൽ ക്ലൗഡ് കിച്ചൺ ആരംഭിച്ചത്. തുടക്കത്തിൽ ബിസിനസ്സ് നന്നായി മുന്നോട്ടുപോയതോടെ വലിയ ലാഭം പ്രതീക്ഷിച്ച് അതിവേഗം ബിസിനസ്സ് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കൂടുതൽ സ്ഥലങ്ങൾ വാങ്ങാനും വലിയ സൗകര്യങ്ങൾ ഒരുക്കാനുമായി പലരിൽ നിന്നായി പണം കടം വാങ്ങി, വാങ്ങി ഒടുവില്‍ അത് 1 കോടി രൂപയോളമെത്തി.

നല്ല കച്ചവടവും ഭേദപ്പെട്ട വരുമാനവും ഉണ്ടായിരുന്നിട്ടും വരുമാനത്തിന്റെ ഭൂരിഭാഗവും പലിശയും തിരിച്ചടവും നൽകാൻ മാത്രമാണ് തികഞ്ഞിരുന്നത്. കടുത്ത മാനസിക സമ്മർദ്ദം മൂലം ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്റെ ശരീരഭാരം 25 കിലോയോളം കുറഞ്ഞതായും യുവാവ് കുറിപ്പിൽ പറയുന്നു.

തന്റെ കടത്തിന്റെ പൂർണ്ണമായ വിവരങ്ങളും യുവാവ് പങ്കുവെച്ചിട്ടുണ്ട്. 45 ലക്ഷം രൂപയുടെ സാധരണ ലോണും (ഈട് നല്‍കിയുള്ള വായ്പ), പ്രതിമാസം 10 ശതമാനം വരെ ഉയർന്ന പലിശ ഈടാക്കുന്ന ബ്ലേഡ് പലിശക്കാരിൽ നിന്ന് വാങ്ങിയ 40-45 ലക്ഷം രൂപയുമാണ് പ്രധാന കടം. ഒടുവിൽ യുവാവിന്റെ അവസ്ഥ കണ്ട് അമ്മയുടെ കുടുംബാംഗങ്ങൾ 30 ലക്ഷം രൂപ നൽകി സഹായിച്ചെങ്കിലും ബിസിനസ്സ് പൂർണ്ണമായും നിർത്താൻ അവർ ആവശ്യപ്പെടുകയായിരുന്നു.

നിലവിൽ കടം വീട്ടാൻ വായ്പയ്ക്ക് മുകളിൽ വീണ്ടും ഒരു ടോപ്പ്-അപ്പ് ലോൺ എടുത്ത് ചെറിയൊരു കഫേ തുടങ്ങണമോ, അതോ ബിസിനസ്സ് ഉപേക്ഷിച്ച് ജോലിക്ക് പോകണമോ എന്നും യുവാവ് ചോദിക്കുന്നത്. അമ്മയ്ക്ക് 15,000 രൂപയും സഹോദരിക്ക് 36,000 രൂപയുമാണ് മാസവരുമാനമെന്നും തന്റെ സിബിൽ സ്കോർ പൂർണ്ണമായി തകർന്നതായും യുവാവ് വ്യക്തമാക്കുന്നു.

പോസ്റ്റ് വൈറലായതോടെ ഭൂരിഭാഗം ആളുകളും ഒരേ സ്വരത്തിലാണ് അദ്ദേഹത്തെ ഉപദേശിക്കുന്നത്. ഇനി ഒരു കാരണവശാലും മറ്റൊരു വായ്പ എടുക്കരുതെന്നും ബിസിനസ്സ് ചിന്തകൾ പൂർണ്ണമായി മാറ്റിവെച്ച് ഏതെങ്കിലും കോർപ്പറേറ്റ് ജോലി കണ്ടെത്തി സാവധാനം കടം വീട്ടാനുമാണ് സോഷ്യൽ മീഡിയയിലെ ആളുകള്‍ നൽകുന്ന നിർദ്ദേശം.

അമിത അത്യാഗ്രഹം കൊണ്ടാണ് ബിസിനസ്സ് വേഗത്തിൽ വിപുലീകരിക്കാൻ നോക്കിയതെന്നും കഫേ, റെസ്റ്റോറന്റ് മേഖല കടുത്ത മത്സരമുള്ളതാണെന്നും ആളുകൾ ഓർമ്മിപ്പിക്കുന്നു. "നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ്, ഒരു കോർപ്പറേറ്റ് ജോലി കണ്ടെത്തി സ്ഥിരവരുമാനം ഉറപ്പാക്കുക. കടങ്ങൾ വലിയൊരു പരിധി വരെ തീർത്ത ശേഷം മാത്രം ഭാവിയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക," എന്നാണ് പലരും യുവാവിന് നൽകുന്ന ഉപദേശം.

Content Highlights: An entrepreneur who launched a cloud kitchen business in 2021 has revealed that the venture is now burdened with debt exceeding ₹1 crore. A viral note detailing the experience highlights mistakes related to expansion, costs, and business planning, offering valuable lessons for aspiring entrepreneurs and small business owners.

To advertise here,contact us