UAE അധികാരികളെ പിണക്കേണ്ട; ഉച്ചസമയത്ത് തൊഴിലാളികൾക്ക് വിശ്രമം നൽകിയില്ലെങ്കിൽ കനത്ത പിഴ; നിയമം ജൂൺ 15 മുതൽ

സാങ്കേതിക കാരണങ്ങളാൽ നിർത്തിവെയ്ക്കാൻ കഴിയാത്ത ജോലികളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

ഉച്ചസമയ ജോലി നിരോധനം കർശനമാക്കാൻ യുഎഇ. ജൂൺ 15 മുതൽ കൊടുംവെയിലിൽ തുറസായ സ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് നിയന്ത്രണം. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് നിയന്ത്രണം കർശനമാക്കുന്ന കാര്യം അറിയിച്ചത്.

22-ാമത്തെ വർഷമാണ് ഇത്തരത്തിൽ യുഎഇ ഉച്ചസമയ ജോലി നിരോധനം ഏർപ്പെടുത്തുന്നത്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കാനും കനത്ത വെയിലിൽ വിശ്രമം അനുവദിക്കാനുമാണ് പുതിയ നീക്കം. വിശ്രമസമയത്ത് തൊഴിലാളികൾക്ക് തണലുള്ള വിശ്രമസ്ഥലങ്ങൾ, തണുപ്പിനുള്ള സൗകര്യങ്ങൾ, വെള്ളം തുടങ്ങിയവ കമ്പനികൾ ഉറപ്പാക്കണം.

സാങ്കേതിക കാരണങ്ങളാൽ നിർത്തിവെയ്ക്കാൻ കഴിയാത്ത ജോലികളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസ്ഫാൽറ്റ് പാകൽ, കോൺക്രീറ്റ് പണികൾ, വെള്ളം-വൈദ്യുതി റിപ്പയർ സർവീസുകൾ, ഗതാഗത നിയന്ത്രണം എന്നിവയെയെല്ലാമാണ് ഒഴിവാക്കിയത്. സർക്കാർ അധികാരികളിൽ നിന്ന് അനുമതി ആവശ്യമുള്ള, നിർത്തിവെച്ചാൽ ജനജീവിതത്തെ ബാധിക്കുന്ന സർവീസുകളാണ് ഇവ.

നിയമം ലംഘിച്ചാൽ കനത്ത പിഴയാണ് കമ്പനികൾ അടയ്ക്കേണ്ടിവരിക. 5000 ദിർഹം മുതൽ 50000 ദിർഹം വരെയാണ് പിഴത്തുക. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം എല്ലാ കമ്പനികളും കർശനമായിത്തന്നെ ഈ നിയമം പാലിക്കുന്നുണ്ട്. രാജ്യത്തുടനീളം ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാർക്ക് ഏസിയുള്ള 10000 -ത്തോളം വിശ്രമസ്ഥലങ്ങളും ഒരുക്കിയിരുന്നു.

Content Highlights: The UAE Ministry of Human Resources and Emiratisation has announced strict enforcement of the midday work ban from June 15. Outdoor work will be prohibited between 12:30 PM and 3:00 PM during the peak summer heat to protect workers from extreme temperatures and heat-related risks.

To advertise here,contact us